പാലാ: യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കുന്ന പ്രശ്‌നമേയില്ലെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. കെ.എം.മാണി സാറാണ് ചിഹ്നമെന്നാണ് പറഞ്ഞത്. രണ്ടില വേണമെന്ന് സ്ഥാനാര്‍ഥിയും ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് ഔദ്യോഗിക ചിഹ്നമായ രണ്ടില നല്‍കില്ലെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി.

ചിഹ്നം വേണ്ട എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ രണ്ടില ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ജോസഫ് ചോദിക്കുന്നു. ‘വര്‍ക്കിങ് ചെയര്‍മാന്‍ ഇന്‍ ചാര്‍ജ് ഓഫ് വര്‍ക്കിങ് ചെയര്‍മാന്‍’ എന്ന രീതിയില്‍ തന്നെ അംഗീകരിക്കാതെ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല. ജോസ് കെ.മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത് മുന്‍സിഫ് കോടതി തടഞ്ഞിരിക്കുകയാണ്. ചെയര്‍മാന്‍ അല്ലാതെ മറ്റാര്‍ക്കും രണ്ടില ചിഹ്നം അനുവദിക്കാന്‍ അവകാശമില്ലെന്നും പി.ജെ.ജോസഫ് പറഞ്ഞു.

Read Also: ‘ഒരടി പിന്നോട്ട്’; പത്രിക പിൻവലിക്കാൻ ജോസഫ് കണ്ടത്തിലിന് പി.ജെ.ജോസഫിന്റെ നിർദേശം

യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം സമര്‍പ്പിച്ച രണ്ടു പത്രികയിലും പിഴവുണ്ടെന്ന് പി.ജെ.ജോസഫ് പറഞ്ഞു. ജോസ് ടോം മത്സരിക്കുന്നത് പാര്‍ട്ടി ഭരണഘടനയ്‌ക്കെതിരാണ്. ജോസ് ടോം കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയല്ലെന്നും യുഡിഎഫ് നിര്‍ബന്ധിച്ചതുകൊണ്ടാണ് സ്ഥാനാര്‍ഥിയെ പിന്തുണച്ചതെന്നും ജോസഫ് പറഞ്ഞു.

ജോസഫ് കണ്ടത്തില്‍ നല്‍കിയ നാമനിര്‍ദേശ പത്രിക സ്വീകരിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നതെന്നാണ് ജോസഫ് വിഭാഗം നേതാവായ ജോസഫ് കണ്ടത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ജോസ് ടോം നല്‍കിയ പത്രിക സ്വീകരിച്ചാല്‍ താന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമെന്നും ജോസഫ് കണ്ടത്തില്‍ പറഞ്ഞിരുന്നു. ജോസ് ടോം നല്‍കിയ പത്രിക സ്വീകരിക്കുന്ന പക്ഷം ജോസഫ് കണ്ടത്തില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമെന്ന് പി.ജെ.ജോസഫും പറഞ്ഞിരുന്നു.

Read Also: ‘അങ്ങനെ ചെയർമാനാകേണ്ട’; ജോസ്.കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തതിന് സ്റ്റേ

ജോസഫ് പക്ഷം ആക്ഷേപം ഉന്നയിച്ചതിനാൽ ജോസ് ടോമിന്റെ നാമനിർദേശ പത്രിക വരണാധികാരി വീണ്ടും പരിഗണിക്കുകയാണ്. ജോസ് ടോമിനെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പരിഗണിക്കരുതെന്ന് ജോസഫ് പക്ഷം ജില്ലാ വരണാധികാരിയോട് ആവശ്യപ്പെട്ടു. പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ ചെയര്‍മാന്റെ അനുമതിപത്രം വേണമെന്നാണ് നിലപാട്. ജോസ് ടോമിന്റെ ഫോമില്‍ ഒപ്പിട്ടതിനെചൊല്ലിയും തര്‍ക്കമുണ്ടായി. സീല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റേതല്ലെന്നാണ് ജോസഫ് വിഭാഗം വാദിക്കുന്നത്. ഫോം ബിയില്‍ ഒപ്പിട്ട സ്റ്റീഫന്‍ ജോര്‍ജ് ഔദ്യോഗിക ഭാരവാഹിയല്ലെന്നും ജോസഫ് വിഭാഗം പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.