കോട്ടയം: കേരളം ആകാംക്ഷയോടെ ഉറ്റു നോക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എൻ ഹരിയാണ് മത്സരിക്കുക. തീരുമാനം ബിജെപി കേന്ദ്ര നേതൃത്വത്തിന്റേതാണ്.

വെള്ളിയാഴ്ച ചേർന്ന എൻഡിഎ യോഗത്തിലാണ് പാലായിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്താൻ തീരുമാനിച്ചത്. സംസ്ഥാന നേതൃത്വം നൽകിയ മൂന്ന് പേരുടെ പട്ടികയിൽ നിന്നാണ് കേന്ദ്ര നേതൃത്വം സ്ഥാനാർത്ഥിയെ നിശ്ചയിക്കുകയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരൻ പിള്ള അറിയിച്ചിരുന്നു.

എബിവിപിയിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലേക്കും യുവ മോർച്ചയിൽ നിന്ന് ബിജെപി നേതൃത്വത്തിലേക്കും എത്തിയ ഹരി കഴിഞ്ഞ മൂന്ന് വർഷമായി ജില്ലാ പ്രസിഡന്‍റ് ആയി തുടരുകയാണ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിയായിരുന്നു എൻഡിഎ സ്ഥാനാർത്ഥി. തന്നെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്ത കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് ഹരി നന്ദി അറിയിച്ചു. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും ഹരി പറഞ്ഞു.

Read More: പാലായില്‍ ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് സ്ഥാനാർത്ഥി

യുഡിഎഫിനായി ജനവിധി തേടുന്നത് ജോസ് ടോമാണ്. ഏറെ നാളത്തെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് പാലാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. സെപ്റ്റംബർ ഒന്നിനായിരുന്നു പ്രഖ്യാപനം.

മീനച്ചില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതയംഗവുമാണ് ജോസ്. യുഡിഎഫ് യോഗത്തിലാണ് തീരുമാനം. നിഷ ജോസ് കെ മാണി മത്സരിക്കാനില്ലെന്ന് ജോസ് കെ മാണി വിഭാഗം അറിയിച്ചു. സ്ഥാനാര്‍ത്ഥി മാണി കുടുംബത്തില്‍ നി്‌നും പുറത്ത് നിന്നുമായിരിക്കുമെന്ന് തോമസ് ചാഴിക്കാടന്‍ എംപിയും പറഞ്ഞിരുന്നു.

കെ.എസ്.എസിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ടോം പുലിക്കുന്നേല്‍ മാണി കുടുംബത്തിന്റെ വിശ്വസ്തനാണ്. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ കൂടിയാണ് ഇദ്ദേഹം.

Read More: പാലാ ഉപതിരഞ്ഞെടുപ്പ്: മാണി സി.കാപ്പൻ ഇടതുമുന്നണി സ്ഥാനാർഥി

ഇടഞ്ഞു നിന്നിരുന്ന പി.ജെ ജോസഫ്, യുഡിഎഫ് മുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പാലായിലെ ജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കുകയാണ് പി.ജെ.ജോസഫ് ഇപ്പോള്‍. യുഡിഎഫ് പ്രചാരണത്തിനായി രംഗത്തിറങ്ങും. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്തുണക്കുകയാണെന്നും ജോസഫ് വ്യക്തമാക്കി.

എൽഡിഎഫിനായി പാലായിൽ നിന്നും ജനവിധി തേടുന്നത് എൻസിപി നേതാവ് മാണി സി കാപ്പനാണ്. മൂന്നുതവണയാണു മുന്‍പ് മാണി സി.കാപ്പന്‍ കെ.എം.മാണിയെ നേരിട്ടത്. അന്നൊക്കെയും വിജയം മാണിയോടൊപ്പമായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ മാണിയുടെ ഭൂരിപക്ഷം 4,703 ആക്കി കുറയ്ക്കാന്‍ കാപ്പനു കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യസമര സേനാനിയും മുന്‍ എംപിയും എംഎല്‍എയുമായിരുന്ന ചെറിയാന്‍ ജെ.കാപ്പന്റെ മകനാണ് മാണി സി.കാപ്പന്‍.

പാലാ നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 23നാണ് നടക്കുക. സെപ്റ്റംബർ 27നാണ് വോട്ടെണ്ണൽ. എംഎല്‍എയായിരുന്നു കെ.എം.മാണി അന്തരിച്ചതിനെ തുടര്‍ന്നാണ് പാലായില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഈ മാസം 28ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം പുറപ്പെടുവിക്കും. അന്നേദിവസം തന്നെ പെരുമാറ്റച്ചട്ടവും നിലവിൽ വരും. സെപ്റ്റംബർ നാല് മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ ഏഴാണ്.

പാലായിൽ നിന്ന് തുടർച്ചയായി 13 തവണ കെ.എം.മാണി എംഎൽഎയായിരുന്നു. 1965 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് ജയിച്ച് ആദ്യമായി നിയമസഭയിലെത്തിയ മാണി മാത്രമേ പിന്നീട് പാലയിൽ നിന്ന് എംഎൽഎ ആയിട്ടുള്ളൂ. ഏറ്റവും കൂടുതല്‍ തവണ എംഎല്‍എയായ റെക്കോര്‍ഡും കെ.എം.മാണിക്കാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.