കോട്ടയം: പാലാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനകത്ത് സ്ഥാനാർഥിത്വത്തിന്റെ കാര്യത്തിൽ ഭിന്നത നിലനിൽക്കുമ്പോൾ, സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഇടതു മുന്നണി. മാണി സി.കാപ്പനാണ് സ്ഥാനാർഥി. മാണി സി.കാപ്പനെ സ്ഥാനാർഥിയാക്കാൻ സംസ്ഥാനഭാരവാഹികളും ജില്ലാ അധ്യക്ഷന്മാരും പങ്കെടുത്ത എൻസിപി യോഗത്തിൽ തീരുമാനമായി. ഔദ്യോഗിക പ്രഖ്യാപനം ഇന്നു വൈകീട്ട് നടക്കുന്ന എൽഡിഎഫ് യോഗത്തിനുശേഷമായിരിക്കും.
വൈകീട്ട് മൂന്ന് മണിക്കാണ് ഇടതുമുന്നണി യോഗം. എൻസിപി മുന്നോട്ട് വയ്ക്കുന്ന സ്ഥാനാർഥിയുടെ പേര് എൽഡിഎഫ് യോഗം അംഗീകരിക്കും. ഇതിന് ശേഷമാകും സ്ഥാനാർഥി പ്രഖ്യാപനം. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്റെ തീയതിയും പ്രചാരണപരിപാടികളും ഇന്നത്തെ ഇടത് മുന്നണി യോഗത്തില്‍ തീരുമാനിക്കും.
Read More: നിഷ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത; കേരള കോണ്‍ഗ്രസിലെ തമ്മിലടി ലക്ഷ്യം വച്ച് എല്‍ഡിഎഫ്
2016ൽ കെ.എം.മാണിയുടെ ഭൂരിപക്ഷം 5000ൽ താഴെ ഒതുക്കാനായതാണ് ഇടതുമുന്നണിക്ക് പ്രതീക്ഷ നൽകുന്നത്. കെ.എം.മാണിയുടെ അസാന്നിധ്യത്തില്‍ മണ്ഡലത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ പാലാക്കാര്‍ക്കു സുപരിചിതനായ കാപ്പനു കഴിയുമെന്നാണ് പാര്‍ട്ടിയുടെയും ഇടതുമുന്നണിയുടെയും പ്രതീക്ഷ.
മൂന്നുതവണയാണു മുന്‍പ് മാണി സി.കാപ്പന് കെ.എം.മാണിയെ നേരിട്ടത്. അന്നൊക്കെയും വിജയം മാണിയോടൊപ്പമായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ മാണിയുടെ ഭൂരിപക്ഷം 4,703 ആക്കി കുറയ്ക്കാന്‍ കാപ്പനു കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യസമര സേനാനിയും മുന്‍ എംപിയും എംഎല്‍എയുമായിരുന്ന ചെറിയാന് ജെ.കാപ്പന്റെ മകനാണ് മാണി സി.കാപ്പന്.
Read More: പാലാ ഉപതിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് നിഷ
അതേയസമയം, യുഡിഎഫ് സ്ഥാനാർഥിയായി നിഷ ജോസ് കെ.മാണി എത്തും എന്നാണ് സൂചന. നിഷ സ്ഥാനാർഥിയായാൽ ജോസഫ് വിഭാഗം അതിനെ പിന്തുണക്കുമോ എന്ന കാര്യം കാത്തിരുന്ന് കാണേണ്ടി വരും. കോട്ടയം ലോക്സഭാ സീറ്റിൽ മാണി വിഭാഗക്കാരനായ തോമസ് ചാഴിക്കാടൻ സ്ഥാനാർഥിയായപ്പോൾ പി.ജെ.ജോസഫ് എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ, ജോസഫ് വിഭാഗത്തിന്റെ എതിർപ്പ് മറികടന്ന് മാണി വിഭാഗം മുന്നോട്ടുപോകുകയായിരുന്നു. പിന്നീട്, ജോസഫ് വിഭാഗം മാണി വിഭാഗത്തിന് മുന്നിൽ മുട്ടുമടക്കി. പാലാ ഉപതിരഞ്ഞെടുപ്പിലും ഇതേ നിലപാട് തന്നെയായിരിക്കും ജോസഫ് വിഭാഗം സ്വീകരിക്കുകയെന്നും വാർത്തകളുണ്ട്.
പാലാ നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 23നാണ് നടക്കുക. സെപ്റ്റംബർ 27നാണ് വോട്ടെണ്ണൽ. എംഎല്‍എയായിരുന്നു കെ.എം.മാണി അന്തരിച്ചതിനെ തുടര്‍ന്നാണ് പാലായില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഈ മാസം 28ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം പുറപ്പെടുവിക്കും. അന്നേദിവസം തന്നെ പെരുമാറ്റച്ചട്ടവും നിലവിൽ വരും. സെപ്റ്റംബർ നാല് മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ ഏഴാണ്.
പാലായിൽ നിന്ന് തുടർച്ചയായി 13 തവണ കെ.എം.മാണി എംഎൽഎയായിരുന്നു. 1965 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് ജയിച്ച് ആദ്യമായി നിയമസഭയിലെത്തിയ മാണി മാത്രമേ പിന്നീട് പാലയിൽ നിന്ന് എംഎൽഎ ആയിട്ടുള്ളൂ. ഏറ്റവും കൂടുതല്‍ തവണ എംഎല്‍എയായ റെക്കോര്‍ഡും കെ.എം.മാണിക്കാണ്.