പാലാ: ഓണാഘോഷങ്ങൾക്ക് ഇടയിലും പാലായിൽ ഇരു മുന്നണികളുടെയും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ തകൃതിയായി തന്നെ മുന്നേറുകയാണ്. ഇടത് സ്ഥാനാർഥി മാണി സി.കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് പാലായിലെത്തും. കോടിയേരിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് തല അവലോകന യോഗങ്ങൾ ചേരുന്നുണ്ട്. ബൂത്ത് തല സ്ക്വാഡ് തല പ്രവർത്തനങ്ങളും വിലയിരുത്തും.

യുഡിഎഫ് പ്രചാരണത്തിന് ഉമ്മൻ ചാണ്ടി മറ്റന്നാൾ പാലായിലെത്തും. യുഡിഎഫിനൊപ്പം പ്രചാരണത്തിനിറങ്ങുമെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ ജോസഫ് വിഭാഗം ഇന്ന് യോഗം ചേരും. വൈകീട്ടാണ് നിയോജക മണ്ഡലം കമ്മിറ്റി യോഗം. കഴിഞ്ഞ ദിവസം ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാൻ പ്രത്യേക യുഡിഎഫ് യോഗം ചേർന്നിരുന്നു.

പി.ജെ.ജോസഫ് ഇടഞ്ഞുനിൽക്കുന്നത് യുഡിഎഫിന് തലവേദനയായിരുന്നു. ഇതേ തുടർന്നാണ് പ്രശ്നത്തിൽ യുഡിഎഫും കോൺഗ്രസും ഇടപെട്ടത്. യുഡിഎഫിനൊപ്പം പ്രചാരണം നടത്തില്ലെന്നും യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി സമാന്തര പ്രചാരണം നടത്തുകയാണ് ചെയ്യുകയെന്നും പി.ജെ.ജോസഫ് വിഭാഗം നേരത്തെ പറഞ്ഞിരുന്നു. തന്നെ അധിക്ഷേപിക്കാൻ ശ്രമങ്ങൾ നടന്നെന്നും അതിനാൽ യുഡിഎഫിനൊപ്പം പ്രചാരണം നടത്തില്ലെന്നുമാണ് നേരത്തെ ജോസഫ് അറിയിച്ചിരുന്നത്.

പാലായില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ പി.ജെ.ജോസഫ് പ്രസംഗിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ കൂവിയ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. മുന്നണിയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ മുന്നോട്ട് പോകുമെന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്.

ബിജെപി സ്ഥാനാർഥി എൻ.ഹരിയുടെ സ്വീകരണ പരിപാടി ഇന്ന് തുടങ്ങും. മുത്തോലി പഞ്ചായത്തിൽ എ.എൻ.രാധാകൃഷ്ണനാണ് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.