തൊടുപുഴ: പാലാ ഉപതിരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള സ്ഥാനാർഥിക്കായി അന്വേഷണം തുടരുകയാണെന്ന് പി.ജെ.ജോസഫ്. സ്ഥാനാർഥിയെ കൂട്ടായ ചർച്ചയിലൂടെ തീരുമാനിക്കുമെന്നും സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ജോസ് കെ.മാണി വിഭാഗവുമായി സമവായ ചർച്ച നടക്കുന്നില്ലെന്നും പി.ജെ.ജോസഫ് പറഞ്ഞു.

പൊതുസമ്മതനായ സ്ഥാനാർഥിയെ നിര്‍ത്താനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഒരു സ്ഥാനാർഥിയിലേക്കും ചർച്ച എത്തിയിട്ടില്ലെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി. അതേസമയം, ജോസ് കെ മാണിയുടെ ചെയർമാൻ തിരഞ്ഞടുപ്പിന്മേലുള്ള വിധി കട്ടപ്പന സബ് കോടതി നീട്ടിവച്ചതോടെ നിലവിലെ സ്റ്റേ തുടരുമെന്നും പി.ജെ.ജോസഫ് പറഞ്ഞു.

Also Read: അവസര സേവകർ എന്നും പാർട്ടിക്ക് ബാധ്യത; ശശി തരൂരിനെതിരെ മുല്ലപ്പള്ളി

എന്നാൽ പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ നിഷ ജോസ് കെ.മാണി. പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തോട് ‘കാത്തിരിക്കൂ’ എന്ന മറുപടിയാണ് നിഷ നല്‍കിയത്. അതേസമയം, പാലായിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട വാര്‍ത്തകളെ നിഷ നിഷേധിച്ചിട്ടുമില്ല.

Also Read: പാലാ ഉപതിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് നിഷ

അതേസമയം, നിഷ സ്ഥാനാര്‍ഥിയായാല്‍ ജോസഫ് വിഭാഗം സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്നാണ് യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നത്. നിഷ തന്നെയായിരിക്കും സ്ഥാനാര്‍ഥിയാകുക എന്ന റിപ്പോര്‍ട്ടുകളും ലഭിക്കുന്നുണ്ട്. എന്നാല്‍, പി.ജെ.ജോസഫ് വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തിയാല്‍ അത് യുഡിഎഫിന് ദോഷം ചെയ്യും. ഇരു വിഭാഗത്തിനുമിടയില്‍ സമവായ ചര്‍ച്ചകള്‍ നടത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.