/indian-express-malayalam/media/media_files/uploads/2019/05/pJ-Joseph.jpg)
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) തര്‍ക്കത്തില്‍ ഇടപെട്ട് യുഡിഎഫ് മുന്നണിയും കോണ്‍ഗ്രസും. പരസ്പരം തര്‍ക്കിച്ചുനിന്ന് പാലായിലെ മേല്‍ക്കൈ നഷ്ടപ്പെടുത്തരുതെന്ന് കേരള കോണ്‍ഗ്രസിന് യുഡിഎഫ് ഉപദേശം നല്‍കി. അഭിപ്രായ വ്യത്യാസങ്ങള്‍ ഉപതിരഞ്ഞെടുപ്പിനെ ബാധിക്കരുതെന്നാണ് യുഡിഎഫ് നിലപാട്. ജോസ് കെ.മാണി വിഭാഗവും പി.ജെ.ജോസഫ് വിഭാഗവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫും കോണ്‍ഗ്രസും ഇടപെടല്‍ നടത്തും. ഇരു നേതാക്കളും തമ്മില്‍ ധാരണയുണ്ടാക്കാനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്.
പാലാ ഉപതിരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. വൈകീട്ട് ഏഴിന് ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ കോട്ടയം ഡിസിസിയിലാണ് യോഗം. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിൽ നിലനിൽക്കുന്ന പ്രതിസന്ധി യോഗത്തിൽ ചർച്ചയാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തും കേരള കോൺഗ്രസിലെ ഭിന്നത പരിഹരിക്കാൻ കോൺഗ്രസ് നേതാക്കളാണ് പരിശ്രമിച്ചത്.
Read Also: നിഷ ദയനീയ പരാജയമായിരിക്കും; ഷോണ്‍ സ്ഥാനാര്‍ഥിയാകില്ല: പി.സി.ജോര്‍ജ്
അതേസമയം, ജോസ് കെ.മാണിയും പി.ജെ.ജോസഫും തമ്മിലുള്ള തർക്കം രൂക്ഷമാകുകയാണ്. താൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് പി.ജെ.ജോസഫും സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ള ചുമതല ജോസ് കെ.മാണിക്കാണെന്ന് ജോസ് വിഭാഗവും ശക്തമായി വാദിക്കുന്നു. നിഷ ജോസ് കെ.മാണി സ്ഥാനാർഥിയായി എത്തിയാൽ പി.ജെ.ജോസഫ് എതിർക്കുമെന്നാണ് റിപ്പോർട്ടുകൾ. നിഷയെ അംഗീകരിക്കാത്ത സാഹചര്യത്തിൽ സ്വന്തമായി ഒരു സ്ഥാനാർഥിയെ പി.ജെ.ജോസഫ് നിർത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. താൻ അനുകൂലിക്കുന്ന നാല് പേരുടെ പേരുകളാണ് പി.ജെ.ജോസഫ് മുന്നോട്ടുവയ്ക്കുന്നത്. അതിൽ നിന്ന് ഒരാളെ സ്ഥാനാർഥിയാക്കണമെന്നാണ് പി.ജെ.ജോസഫിന്റെ നിലപാട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.