കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. സ്ഥാനാർഥിയെ തീരുമാനിക്കാന്‍ സ്റ്റിയറിങ്ങ് കമ്മിറ്റി തന്നെ ചുമതലപ്പെടുത്തിയെന്ന പി ജെ ജോസഫിന്‍റെ വാദം തള്ളി റോഷി അഗസ്റ്റിന്‍ രംഗത്ത്. സ്റ്റിയറിങ് കമ്മിറ്റി ചുമതലപ്പെടുത്തിയത് ജോസ് കെ മാണിയെയെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.

കെ.എം.മാണിയുടെ സീറ്റിനെ ചൊല്ലി തര്‍ക്കങ്ങള്‍ക്ക് പ്രസക്തിയില്ല. സീറ്റ് ആര്‍ക്കാണെന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ ആരും അവകാശവാദം ഉന്നയിക്കേണ്ടെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു.മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന സീറ്റിൽ നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കാനാണ് ജോസ് കെ മാണി പക്ഷത്തിന്‍റെ നീക്കം.

Also Read: ‘സ്ഥാനാര്‍ഥിയെ ഞാന്‍ പ്രഖ്യാപിക്കും’; വെടി പൊട്ടിച്ച് പി.ജെ.ജോസഫ്

പാർട്ടി യോഗം ചേർന്ന് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ തന്നെ ചുമതലപ്പെടുത്തിയെന്നാണ് ഇന്നലെ പി.ജെ.ജോസഫ് പറഞ്ഞത്. പാലായിൽ വിജയ സാധ്യതക്കാണ് മുഖ്യപരിഗണനയെന്നും രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് പരസ്യമായി തള്ളിയാണ് റോഷി അഗസ്റ്റിൻ രംഗത്തെത്തിയിരിക്കുന്നു.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ യുഡിഎഫ് മുന്നണിയിൽ ചർച്ച ചെയ്ത ശേഷമായിരിക്കും സ്ഥാനാർഥി പ്രഖ്യാപനമെന്നാണ് ജോസ്.കെ.മാണി പറഞ്ഞത്. യുഡിഎഫ് നേതൃയോഗത്തിനു പിന്നാലെ പാർട്ടി നേതൃയോഗം ചേരും. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. ഇതുവരെ സ്ഥാനാർഥിയുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നിട്ടില്ല.

അതേസമയം, ഇടതു മുന്നണി പാലായിൽ ലക്ഷ്യം വയ്ക്കുന്നത് കേരളാ കോൺഗ്രസിലെ ഭിന്നത കൊണ്ട് നേട്ടം കെെവരിക്കാം എന്നാണ്. 2016 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി സ്ഥാനാർഥിയായ എൻസിപിയുടെ മാണി സി.കാപ്പൻ തന്നെയായിരിക്കും ഇത്തവണയും ഇടത് മുന്നണി സ്ഥാനാർഥി. സീറ്റ് സിപിഎം ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ബുധനാഴ്ചയാണ് ഇടതുമുന്നണി യോഗം ചേരുന്നത്. അതിനുശേഷം ഔദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ് സാധ്യത.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.