പാലാ: ശബരിമല നിലപാടില്‍ ആശയക്കുഴപ്പമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിക്കും സിപിഎമ്മിനും ശബരിമല വിഷയത്തില്‍ ഒരെ അഭിപ്രായമാണെന്നും മറ്റുള്ളതെല്ലാം പ്രതിപക്ഷത്തിന്റെ ദുര്‍വ്യാഖ്യാനങ്ങളാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താന്‍ എത്തിയപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം.

“ശബരിമല വിഷയത്തില്‍ വിശ്വാസികളെ കബളിപ്പിച്ചത് ബിജെപിയാണ്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ നിയമനിര്‍മ്മാണം നടത്തുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. കോണ്‍ഗ്രസും അത് ഏറ്റുപിടിച്ചു. ഭൂരിപക്ഷം ലഭിച്ചാല്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് കോണ്‍ഗ്രസും പറഞ്ഞിരുന്നു. ലോക്‌സഭയില്‍ നിയമനിര്‍മ്മാണം നടത്താന്‍ ഇരുവര്‍ക്കും സാധിച്ചിട്ടില്ല.”-കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Read Also: ശബരിമല: സർക്കാർ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

പാലായില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടും. ചിഹ്നം പോലും സ്വന്തമായിട്ടില്ലാത്ത അവസ്ഥയാണ് യുഡിഎഫിനുള്ളത്. നേരത്തെ ഒട്ടകത്തെയും കൊണ്ട് ജോസഫ് പോയി. ഇപ്പോള്‍ രണ്ടിലയും ജോസഫ് തന്നെ കൊണ്ടുപോയി എന്നും കോടിയേരി പറഞ്ഞു.

“ശബരിമല വിഷയം എല്‍ഡിഎഫ് പ്രചാരണ ആയുധമാക്കില്ല. മറ്റാരെങ്കിലും അത് പ്രചാരണത്തിന് ഉപയോഗിച്ചാല്‍ അതില്‍ നിന്ന് ഇടതുപക്ഷം ഒളിച്ചോടില്ല. നിലപാട് വിശദീകരിച്ച് ജനങ്ങളെ സമീപിക്കും. ശബരിമല നിലപാടില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും രണ്ട് തട്ടിലിലാണെന്നത് ചിലരുടെ ദുര്‍വ്യാഖ്യാനം മാത്രമാണ്. അത് പ്രതിപക്ഷ തന്ത്രമാണ്. തിരഞ്ഞെടുപ്പില്‍ പുകമറ സൃഷ്ടിക്കാനാണ് അത്തരം വ്യാഖ്യാനങ്ങള്‍ നടത്തുന്നത്. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഒരേ നിലപാടാണ്” – കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

Read Also: മമ്മൂട്ടി ആരാധകർക്ക് രമേഷ് പിഷാരടി കാത്തുവച്ച സർപ്രൈസ് ഇതായിരുന്നു

അതേസമയം, പാലാ ഉപതിരഞ്ഞെടുപ്പില്‍ ശബരിമല വിഷയവും ഉയര്‍ത്തിക്കാണിക്കുമെന്നാണ് യുഡിഎഫ് നിലപാട്. പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ശബരിമല വിഷയത്തില്‍ വ്യത്യസ്ത നിലപാടാണെന്ന് യുഡിഎഫ് ആരോപിച്ചു. പാലാ ഉപതിരഞ്ഞെടുപ്പില്‍ തോറ്റാല്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.