പാല: കെ.എം.മാണിയുടെ വീടിനു മുന്‍പില്‍ സംഘര്‍ഷാവസ്ഥ. മാണി സി.കാപ്പൻ വിജയമുറപ്പിച്ച ശേഷം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കെ.എം.മാണിയുടെ വീടിനു മുന്നിലേക്ക് ആഹ്ലാദപ്രകടനം നടത്തിയിരുന്നു. ഇതിനിടയിലാണു സംഘര്‍ഷമുണ്ടായത്.

എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനവുമായി കെ.എം. മാണിയുടെ വസതിക്കു മുന്‍പില്‍ എത്തിയപ്പോള്‍ കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകരെ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനങ്ങള്‍ കടത്തിവിടില്ലെന്നു കേരളാ കോണ്‍ഗ്രസിലെ ചില പ്രവര്‍ത്തകര്‍ പറഞ്ഞു.  തുടർന്ന് നേരിയ സംഘര്‍ഷമുണ്ടായി.

മാണിയുടെ വീടിനു മുന്നിലേക്കു റോഡ് ഷോയായി എത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയതു മാണിയുടെ വീട്ടിലുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണു സംഘര്‍ഷത്തിലേക്കു നയിച്ചത്. പൊലീസും നേതാക്കളും ചേര്‍ന്നാണു പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.

Read Also: വോട്ട് മറിഞ്ഞിട്ടുണ്ട്; ആരോപണവുമായി പി.ജെ ജോസഫ്

കേരളാ കോൺഗ്രസിന്റെ കുത്തക മണ്ഡലമായ പാലായിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ 2943 വോട്ടിനാണു വിജയിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് എൽഡിഎഫും യുഡിഎഫും തമ്മിൽ നടന്നത്. കെ.എം.മാണിയുടെ മരണത്തെത്തടർന്നാണു പാലായിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

Read Also: യുപിഎ ഘടകകക്ഷിക്ക് പാലായില്‍ വിജയം; സെല്‍ഫ് ട്രോളുമായി ബല്‍റാം

വോട്ട്നില ഇങ്ങനെ

1. മാണി സി.കാപ്പൻ – 54137 വോട്ട്

2. ജോസ് ടോം – 51194 വോട്ട്

3. ഹരി.എൻ – 18044 വോട്ട്

ഒരുമാസം നീണ്ടു നിന്ന പ്രചാരണ പരിപാടികൾക്കൊടുവിൽ സെപ്റ്റംബർ 23നായിരുന്നു പാലായിൽ തിരഞ്ഞെടുപ്പ് നടന്നത്. 71.41 ശതമാനം വോട്ടാണ് തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.

തിരഞ്ഞെടുപ്പിന് മുൻപ് തന്നെ വിജയമുറപ്പിച്ച വിധത്തിലായിരുന്നു യുഡിഎഫ്, കേരളാ കോൺഗ്രസ് എം ക്യാമ്പുകൾ. എന്നാൽ, വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ കാര്യങ്ങൾ കെെവിട്ടുപോയെന്ന് യുഡിഎഫ് ക്യാമ്പുകൾ വിലയിരുത്തി. തോൽവി പരിശോധിക്കുമെന്നാണ് കേരളാ കോൺഗ്രസ് എം, യുഡിഎഫ് നേതാക്കൾ പ്രതികരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.