പാലാ: പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇന്ന് രാത്രി വരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യ പ്രചാരണം നടത്തും. അതിനുശേഷം കൊട്ടിക്കലാശം. ഏറെ ആവേശത്തോടെയാണ് മുന്നണികള്‍ വോട്ട് ചോദിച്ച് ജനങ്ങളെ സമീപിക്കുന്നത്.

തിങ്കളാഴ്ചയാണ് പാലായില്‍ വോട്ടെടുപ്പ്. പരസ്യപ്രചാരണം ഇന്ന് അവസാനിച്ചാല്‍ ബാക്കിയുള്ള രണ്ട് ദിവസങ്ങള്‍ രഹസ്യ പ്രചാരണത്തിനായി ഉപയോഗിക്കാം. ശ്രീനാരായണ ഗുരു സമാധിയായതിനാലാണ് കൊട്ടിക്കലാശം ശനിയാഴ്ച നടത്താതെ ഇന്നത്തേക്ക് മാറ്റിയത്.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കള്‍ പാലായില്‍ പ്രചാരണത്തിനായി എത്തിയിട്ടുണ്ട്. എല്‍ഡിഎഫ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്നും പാലായില്‍ ഉണ്ടാകും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് യുഡിഎഫ് പ്രചാരണ പരിപാടികളുടെ ശ്രദ്ധാകേന്ദ്രം.

Read Also: കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ ഇടത് വിദ്യാര്‍ഥികള്‍ കയ്യേറ്റം ചെയ്തു; ജാദവ്പുര്‍ യൂണിവേഴ്‌സിറ്റിയില്‍ സംഘര്‍ഷം

ശബരിമല വിഷയവും ഭരണവിരുദ്ധ വികാരവും എടുത്തുകാണിച്ചാണ് യുഡിഫ് പ്രചാരണം നടത്തുന്നത്. എന്നാല്‍, അഴിമതി വിരുദ്ധ പ്രതിച്ഛായയാണ് സംസ്ഥാന സര്‍ക്കാരിനെന്ന് പിണറായി വിജയനടക്കം കഴിഞ്ഞ ദിവസം പൊതുവേദിയില്‍ പറഞ്ഞിരുന്നു. പാലാരിവട്ടം മേല്‍പ്പാല അഴിമതിക്കേസ് പ്രചാരണ വിഷയമാക്കി ഉയര്‍ത്തിയിരിക്കുകയാണ് എല്‍ഡിഎഫ്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളിലാണ് എന്‍ഡിഎയുടെ പ്രതീക്ഷ.

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിനെ പരോക്ഷമായി ഉദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നടത്തിയ പരാമർശം ഏറെ നിർണായകമാണ്. അഴിമതിക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് ആവര്‍ത്തിക്കുകയായിരുന്നു പിണറായി വിജയന്‍. അഴിമതിക്കെതിരെ നിലപാട് സ്വീകരിക്കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

Read Also: പാലാരിവട്ടം പാലം അഴിമതി; വി.കെ.ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യും

“ചിലര്‍ക്ക് അഴിമതി കാണിക്കാനുള്ള പ്രവണതയുണ്ട്. അങ്ങനെ പ്രവണതയുള്ളവരോട് പറയുകയാണ്, മര്യാദയ്ക്കല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം (ജയില്‍) കഴിക്കേണ്ടി വരും. മര്യാദയ്ക്കാണെങ്കില്‍ വീട്ടിലെ ഭക്ഷണം കഴിച്ച് ജീവിക്കാം. ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ ഒരു പഞ്ചവടിപ്പാലവും നിര്‍മ്മിക്കാന്‍ പോകുന്നില്ല. അഴിമതിക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. അങ്ങനെയുള്ള ഒരാളുടെ കഥ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട് (വി.കെ.ഇബ്രാഹിംകുഞ്ഞിനെ പരോക്ഷമായി ഉദ്ദേശിച്ച്). അയാള്‍ അനുഭവിക്കാന്‍ പോവുകയാണ്.” മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.