/indian-express-malayalam/media/media_files/uploads/2018/09/Franco.jpg)
പാല: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പാല ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ പാല ബിഷപ്പ് എത്തിയിട്ടില്ല. പാല ബിഷപ്പ് എത്തിയെന്ന തെറ്റായ വാർത്തകൾ നൽകിയതിൽ ചാനലുകൾ ഖേദം പ്രകടിപ്പിച്ചു. പാല സഹായമെത്രാൻ ജേക്കബ് മുരിക്കനും രൂപതാ വക്താവ് ഫാ. മാത്യു ചന്ദ്രൻ കുന്നേലുമായ കാണാനെത്തിയതാണ് റിപ്പോർട്ട്.
ഇന്നലെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാല സബ് ജയിലിലേക്ക് മാറ്റിയത്. ബിഷപ്പ് ജയിലിലായി രണ്ടാം ദിവസം തന്നെ പാല ബിഷപ്പ് സന്ദർശിക്കാനെത്തിയതായി ചാനലുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിനു പിന്നാലെയാണ് വാർത്ത തെറ്റാണെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ചാനലുകൾ അറിയിച്ചത്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ബിഷപ്പിനെ 21 നാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വരെ പൊലീസ് കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തിനെ ഇന്നലെയാണ് പാല ജയിലിലേയ്ക്ക് അയച്ചത്. പതിനാല് ദിവസത്തേയ്ക്കാണ് അദ്ദേഹത്തിനെ പാല സബ് ജയിലിലേയ്ക്ക് അയച്ചത്.
കഴിഞ്ഞ ദിവസം ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത് വേദനാജനകമാണെന്ന് കേരളാ കാത്തലിക് ബിഷപ്പ്സ് കൗൺസിൽ അഭിപ്രായപ്പെട്ടിരുന്നു. കന്യാസ്ത്രീകളുടെ സമരത്തെ തളളിപ്പറയുകയും ഇത്തരം സംഭവങ്ങളിൽ ഖേദമുണ്ടെന്നും കെസിബിസി വ്യക്തമാക്കിയിരുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ബിഷപ്പ് ഫ്രാങ്കോയെ ന്യായീകരിച്ചും നീതി തേടി കന്യാസ്ത്രീകൾ നടത്തിയ സമരത്തെ എതിർത്തും കെസിബിസി രംഗത്ത് എത്തിയിരുന്നു.
കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിന് വയനാട് സെന്റ് മേരീസ് പളളിയിൽ നിന്നും സിസ്റ്റർ ലൂസിക്കെതിരെ എടുത്ത നടപടികൾ വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് സഭയ്ക്ക് പിൻവലിക്കേണ്ടി വന്നു. വിശ്വാസികളുടെ ആവശ്യപ്രകാരം നടപടി എന്നായിരുന്നു​ ആദ്യം പറഞ്ഞതെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഞായറാഴ്ച ഏർപ്പെടുത്തിയ വിലക്കുകൾ ഇന്നലെ പിൻവലിക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.