കൊല്ലം: കുളത്തൂപ്പുഴയിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടെത്തിയ വിവരം ദേശീയ അന്വേഷണ ഏജൻസിയെ അറിയിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്റ. കേന്ദ്ര സേനകൾക്കും വിവരങ്ങൾ കൈമാറി. മറ്റു സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ആശയവിനിമയം നടത്തി. വെടിയുണ്ടകളിൽ പാക് മുദ്രയുളളതുകൊണ്ടാണ് കേന്ദ്ര ഏജൻസികളുടെ സഹായം തേടിയതെന്നും ഡിജിപി പറഞ്ഞു.
സംഭവത്തെക്കുറിച്ച് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കുന്നുണ്ട്. ഡിഐജി അനൂപ് കുരുവിള ജോണിനാണ് അന്വേഷണ ചുമതല. അതേസമയം, കുളത്തൂപ്പുഴയിൽ കണ്ടെത്തിയ വെടിയുണ്ടകൾ കേരള പൊലീസിന്റെ എസ്‌എപി ക്യാമ്പിൽനിന്നും കാണാതായവയല്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. പൊലീസ് സ്റ്റോറിൽ നിന്നും നൽകിയ വെടിയുണ്ടയല്ലെന്ന് സീരിയൽ നമ്പറുകൾ പരിശോധിച്ച് ഉറപ്പുവരുത്തിയതായാണ് സ്ഥിരീകരണം.
Read Also: വിജയ് ആകുന്നതിനേക്കാൾ സുരക്ഷിതം മോഹൻലാൽ ആകുന്നതാണ്: കെ.ആർ മീര
14 വെടിയുണ്ടകളാണ് കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ വനമേഖലയിൽ റോഡരികിൽ കവറിൽ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതില്‍ ഒരെണ്ണത്തിൽ പിഒഎഫ് (പാക്കിസ്ഥാൻ ഓർഡിനൻസ് ഫാക്ടറി) എന്നു രേഖപ്പെടുത്തിയിരുന്നു. വെടിയുണ്ടകൾ പരിശോധിച്ച ഫൊറസിക് സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. സൈന്യവും പൊലീസും ഉപയോഗിക്കുന്നതരം വെടിയുണ്ടകളാണെന്നു പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കുളത്തൂപ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും വനമേഖലയിൽ ഇന്നും പരിശോധന തുടരുകയാണ്. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന.