തിരുവനന്തപുരം: കൊച്ചി ഇന്റര്‍നാഷണൽ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (CIAL) കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി സ്‌കീമില്‍ ഉള്‍പ്പെടുത്തി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. ആറ് നിലകളിലായി 60,000 സ്‌ക്വയര്‍ ഫീറ്റിലുള്ള ഈ കെട്ടിടം നിര്‍മ്മിക്കുന്നതിന് 12.68 കോടി രൂപയാണ് ചെലവാകുന്നത്. കേരളത്തിലാദ്യമായാണ് ഒരു മെഡിക്കല്‍ കോളേജില്‍ പാലിയേറ്റീവ് രോഗികള്‍ക്കായി ഇത്രയും ബൃഹത്തായ സംരംഭം തുടങ്ങുന്നത്.

പാലിയേറ്റീവ് രോഗികള്‍ക്കായി മികച്ച സൗകര്യങ്ങളാണിവിടെ ഒരുക്കുന്നത്. നൂറ് രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാന്‍ കഴിയും. എല്ലാ നിലകളിലും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേക വാര്‍ഡുകള്‍, ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും ഡ്യൂട്ടി റൂം, ഐസലേഷന്‍ റൂം, നഴ്‌സിങ് സ്റ്റേഷന്‍ എന്നിവയുണ്ടാകും. ഒരു രോഗിയോടൊപ്പം ഒരു കൂട്ടിരുപ്പുകാരന് കഴിയാവുന്ന സൗകര്യവുമുണ്ടാകും. ബേസ്‌മെന്റില്‍ പാര്‍ക്കിങ്ങിനുള്ള സൗകര്യമാണൊരുക്കുക.

സംസ്ഥാന പാരിസ്ഥിതിക വകുപ്പിന്റെ അനുമതി ലഭിച്ചാലുടനെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതായിരിക്കും. ഒരു വര്‍ഷത്തിനകം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രവര്‍ത്തന സജ്ജമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

എറണാകുളം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 3 വര്‍ഷമായി റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടുകൂടി പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നു. പാലിയേറ്റീവ് കെയര്‍ ഒപിക്ക് പുറമെ ഈ രോഗികളെ നിത്യേന വീടുകളില്‍ ചെന്ന് പരിചരിക്കുകയും അവര്‍ക്കു വേണ്ട ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. പാലിയേറ്റീവ് രംഗത്തെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനവും ഈ യൂണിറ്റ് നല്‍കി വരുന്നു.

എറണാകുളം മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ഇമേജിങ് സെന്റര്‍ ആരംഭിക്കാനായി 25 കോടി രൂപ അടുത്തിടെ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. നെഫ്രോളജി പ്രൊഫസറെ നിയമിച്ചു. കാര്‍ഡിയോളജി ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലെ പ്രൊഫസര്‍മാരുടെ നിയമനം നടന്നു വരികയാണ്. ഇതോടൊപ്പം ജീവനക്കാരെ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടിയും ത്വരിതഗതിയില്‍ പുരോഗമിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ