കണ്ണൂര്‍: ദേശീയപതാകയേയും ദേശീയഗാനത്തേയും ആക്ഷേപിക്കുന്നെന്ന ആരോപണത്തെ തുടര്‍ന്ന് തലശേരി ബ്രണ്ണന്‍ കോളജ് മാഗസിനില്‍ നിന്നും വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യും. വിവാദമായ രണ്ടു പേജുകള്‍ പിന്‍വലിച്ച് മാസിക പുന: പ്രസിദ്ധീകരിക്കുമെന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് വ്യക്തമാക്കി. എസ്എഫ്‌ഐ യുടെ നേതൃത്വത്തിലുള്ള യൂണിയന്‍ ‘പെല്ലെറ്റ്’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കോളേജ് മാസികയ്‌ക്കെതിരേ എബിവിപിയും കെഎസ്‌യുവും രംഗത്ത് വന്നിട്ടുണ്ട്.
തിയറ്ററില്‍ ദേശീയഗാനത്തിന്റെ ഭാഗമായി ദേശീയപതാക കാണിക്കുമ്പോള്‍ കസേരയ്ക്ക് പിറകില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന കാര്‍ട്ടൂണാണ് വിവാദത്തിന് വഴിമരുന്നിട്ടത്. ‘സിനിമ തീയറ്ററിൽ കസേര വിട്ടെഴുന്നേൽക്കുന്ന രാഷ്ട്രസ്നേഹം, തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്നേഹം’ എന്ന അടിക്കുറിപ്പും ഇതിനൊപ്പമുണ്ട്.
പെല്ലറ്റ് എന്നാണ് മാഗസിന്റെ ടൈറ്റില്‍. തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന് സുപ്രിംകോടതി തീരുമാനത്തെ അശ്ലീലമായ രീതിയിലാണ് പരിഹസിച്ചിരിക്കുന്നത്. എസ്എഫ്ഐ ആണ് കോളേജ് യൂണിയന്‍ ഭരിക്കുന്നത്. മാഗസിന്‍ ഉളളടക്കത്തിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനവും ശക്തമായി. നിരവധി പേരാണ് നവമാധ്യമങ്ങളിലൂടേയും മറ്റും വിമര്‍ശനവുമായി രംഗത്തെത്തിയത്.
ദേശീയ ഗാനം ആലപിക്കുമ്പോൾ തിയറ്ററുകളിൽ നടത്തേണ്ടത് ലൈംഗിക ബന്ധമാണെന്ന സൂചനയാണ് ഇതിലൂടെ എസ് എഫ് ഐ നൽകുന്നതെന്ന ആക്ഷേപവും സജീവമായി. സംഭവത്തില്‍ കോളേജ് അധികൃതരേ എസ്എഫ്ഐ ഇതുവരെയും പ്രതികരിച്ചിട്ടില്ല.