തിരുവനന്തപുരം: പ്രശസ്ത ഹൈന്ദവ ആരാധനാലയമായ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം സംബന്ധിച്ച് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ഇന്ന് നിലപാട് അറിയിക്കും. ക്ഷേത്ര ഭരണം തിരുവിതാംകൂർ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സർക്കാർ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ വാദം.
ഹൈക്കോടതി വിധി റദ്ദാക്കിയാലും തിരുവിതാംകൂർ രാജകുടുംബത്തിന് മാത്രമായി ക്ഷേത്ര ഭരണം നൽകരുതെന്നാവും സർക്കാർ വാദം. സംസ്ഥാന സർക്കാർ എന്തെങ്കിലും പുതിയ മാതൃക മുന്നോട്ട് വയ്ക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഭരണ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം ട്രസ്റ്റി രാമ വർമ്മ ഇന്നലെ പുതിയ ശുപാർശ കോടതിക്ക് കൈമാറിയിരുന്നു. രാജ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ അറിവോടെയല്ല ശുപാർശ കോടതിക്ക് കൈമാറിയത് എന്നാണ് സൂചന.
സംസ്ഥാന സർക്കാരാണ് തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരിയെന്നും, ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്നുമായിരുന്നു 2011 ജനുവരി 31 ലെ കേരള ഹൈക്കോടതിയുടെ വിധി.