തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ എക്സിക്യൂട്ടിവ് ഓഫീസറായ കെഎൻ സതീഷിനെ നീക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. എന്നാല്‍ പകരം ആരെ നിയമിക്കുമെന്നത് തര്‍ക്കത്തിന് ഇടയാക്കി. തുടര്‍ന്ന് തീരുമാനം നാളത്തേക്ക് കോടതി മാറ്റി.

സതീഷിന് പകരം മൂന്ന് ഐഎഎസുകാരുടെ പേരുകളാണ് സർക്കാർ നിർദേശിച്ചത്. ഡോ. ആർ കണ്ണൻ,​ മുൻ ചീഫ് സെക്രട്ടറിയും ഭരണപരിഷ്കാര കമ്മിഷൻ അംഗവുമായ നീലാ ഗംഗാധരൻ എന്നിവരുടെ പേരുകൾ അമിക്കസ് ക്യൂറി കൈമാറി. ഇതോടെയാണ് തീരുമാനം എടുക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റിയത്. മാറ്റുന്നെങ്കില്‍ തീരുമാനം വേഗം വേണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.

രാജകുടുംബം നൽകിയ അപേക്ഷയെ തുടർന്നാണ് സതീഷിനെ മാറ്റാന്‍ കോടതി തീരുമാനിച്ചത്. രാജകുടുംബത്തിന്റെ നിര്‍ദേശങ്ങള്‍ സതീഷ് അവഗണിക്കുന്നതായി ആരോപിച്ചാണ് രാജകുടുംബം കോടതിയെ സമീപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ