തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്ന് നിധി ശേഖരം അളന്നുതിട്ടപ്പെടുത്തുന്ന കാര്യത്തിൽ സുപ്രീം കോടതി വിധി എല്ലാവർക്കും ബാധകമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്ത് മുൻ തിരുവിതാംകൂർ രാജകുടുംബാഗങ്ങളുമായി നടത്തിയ ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നിലവറ തുറക്കാൻ പറഞ്ഞത് സുപ്രീം കോടതിയാണ്. ഇത് നടപ്പിലാക്കുകയാണ് സർക്കാരിന്റെ ചുമതല. നിലവറ തുറക്കാൻ സാധിക്കില്ലെന്ന് രാജകുടുംബം പറഞ്ഞതായി അറിഞ്ഞു. ഈ സാഹചര്യത്തിൽ എന്താണ് കാര്യമെന്ന് അറിയേണ്ടിയിരുന്നു. ബി നിലവറ തുറക്കണമെന്നും വസ്തുക്കളുടെ കണക്കെടുക്കണമെന്നുമാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. ഇക്കാര്യം സർക്കാരിനും രാജകുടുംബത്തിനും ഭക്തർക്കും മറ്റുള്ളവർക്കും ഒരേ പോലെ ബാധകമാണ്. കോടതി പറയുന്നത് നടപ്പിലാക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്”, മന്ത്രി വിശദീകരിച്ചു.

നേരത്തേ സംസ്ഥാന ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ രാജകുടുംബത്തിന്റെ നിലപാടിനെതിരെ രംഗത്ത് വന്നിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെ ഭയപ്പെടുന്നവര്‍ ആരായാലും അവരെ സംശയിക്കണമെന്നാണ് വിഎസ് പറഞ്ഞു. ദേവഹിതം നേരിട്ട് ചോദിച്ച് മനസ്സിലാക്കിയതുപോലെയാണ് ചില  രാജകുടുംബാംഗങ്ങള്‍ ഈ പ്രശ്‌നത്തോട് പ്രതികരിക്കുന്നതെന്നും ഇതിനു മുമ്പ് ഇതേ ബി നിലവറ തുറന്നപ്പോള്‍ ആരും ദേവഹിതം ചോദിച്ചിരുന്നില്ലെന്നും വിഎസ് പറഞ്ഞു. ദേവഹിതമല്ല, വ്യക്തിഹിതമാണ് പ്രശ്നമെന്നാണ് വിഎസ് പ്രസ്താവനയിൽ കുറ്റപ്പെടുത്തിയത്.

“സ്വാതന്ത്ര്യത്തിനു ശേഷം രാജാവില്ല. അതുകൊണ്ട്, രാജാവെന്ന നിലയില്‍ ക്ഷേത്രാധികാരത്തിന് അവകാശവാദമുന്നയിക്കാന്‍ രാജ കുടുംബത്തിനോ, രാജകുടുംബമെന്ന് അവകാശപ്പെടുന്നവർക്കോ അവകാശമില്ല. 2007-ല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്‌കോടതിയും  2011-ല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അത് ശരിവെക്കുന്ന തരത്തില്‍ രാജകുടുംബങ്ങള്‍ ഉള്‍പ്പെടാത്ത അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് ഇപ്പോഴത്തെ ഭരണസംവിധാനം. അതുകൊണ്ടുതന്നെ, സുപ്രീംകോടതിയുടെ നിരീക്ഷണമനുസരിച്ച് നിലവറ തുറന്ന് ക്ഷേത്ര സ്വത്തിന്റെ കണക്കെടുപ്പ് നടത്തണം”, എന്നാണ് പ്രസ്താവനയിൽ വിഎസ് ആവശ്യപ്പെട്ടത്.

ഇതിനു മുമ്പുതന്നെ ബി നിലവറ തുറന്നതായി വിനോദ് റായി കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്.  എന്നിട്ടും സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് നിലവറ തുറക്കാന്‍ തടസ്സം നില്‍ക്കുന്നത് സംശയകരമാണ്.  ജനഹിതവും ക്ഷേത്ര സ്വത്തിന്റെ സംരക്ഷണവും ആഗ്രഹിക്കുന്ന എല്ലാവരും അതുമായി സഹകരിക്കുകയാണ് വേണ്ടതെന്നും വിഎസ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ