തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന വിഷയത്തിൽ ഭരണ പരിഷ്കരണ കമ്മിഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രാജകുടുംബാങ്ങളെ സംശയിക്കണമെന്ന വിഎസിന്റെ പ്രസ്താവനയ്ക്കാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകിയത്.

“ക്ഷേത്രത്തിന് ദോഷം വരുന്ന ഒന്നും ഏതെങ്കിലും രാജകുടുംബാംഗം ചെയ്തതായി താൻ കരുതുന്നില്ല”, എന്ന് മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളിൽ നിന്ന് വിലപിടിപ്പുള്ള പാത്രങ്ങൾ രാജ കുടുംബാംഗങ്ങൾ മോഷ്ടിച്ചെന്ന വിഎസിന്റെ ആരോപണവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ തള്ളിക്കളഞ്ഞു.

“ബി നിലവറ തുറക്കുന്നതിനെ രാജകുടുംബം എതിര്‍ക്കുന്നതിന് പിന്നില്‍ മറ്റെന്തെങ്കിലും മറച്ചുവയ്ക്കാനുള്ള ശ്രമമാണെന്ന് താൻ കരുതുന്നില്ല”, എന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെ ഭയപ്പെടുന്നവര്‍ ആരായാലും അവരെ സംശയിക്കണമെന്ന് ഇന്ന് രാവിലെയാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനുമായ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞത്.  “ദേവഹിതം നേരിട്ട് ചോദിച്ച് മനസ്സിലാക്കിയതുപോലെയാണ് ചില  രാജകുടുംബാംഗങ്ങള്‍ പ്രതികരണം.  എന്നാല്‍, ഇതിനു മുമ്പ് ഇതേ ബി നിലവറ തുറന്നപ്പോള്‍ ആരും ദേവഹിതം ചോദിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല”, എന്നും വിഎസ് പറഞ്ഞു. “പ്രശ്നം ദേവഹിതമല്ല, വ്യക്തിഹിതമാണെ”ന്ന് വിഎസ് കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം സമവായ ചർച്ചയക്കായി ഈ ആഴ്ച തന്നെ അമിക്കസ് ക്യുറി ശ്രമം തുടങ്ങുമെന്നാണ് വിവരം. ഇതിനായി സുപ്രീം കോടതി ഇദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവറ തുറക്കുന്നതിനാണ് അമിക്കസ് ക്യുറിയുടെ ശ്രമം. നിലവറയിലെ വസ്തുക്കൾ തുറന്ന് കണക്കെടുക്കണമെന്ന് ഇദ്ദേഹം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.