തിരുവനന്തപുരം: ശബരിമലയിൽ നെയ്യഭിഷേകത്തിന് രസീത് വാങ്ങി സന്നിധാനത്ത് രാത്രി തങ്ങുന്നവർക്ക് ഇളവുകൾ നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ. ഭക്തർക്ക് നെയ്യഭിഷേകം നടത്തുന്നതിനുളള എല്ലാ സൗകര്യങ്ങളും ഒരുക്കും. അതിന് ഒരു തടസ്സവും ഉണ്ടാകില്ല. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യവും സർക്കാരിന്റെയോ പൊലീസിന്റെയോ ദേവസ്വം ബോർഡിന്റെയോ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭക്തർക്ക് ബുദ്ധിമുട്ടാകുന്ന യാതൊരു നിയന്ത്രണങ്ങളും ഉണ്ടാകില്ല. പകൽസമയത്ത് ഭക്തർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്റയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം പറഞ്ഞു.

അഭിഷേക സമയം അരമണിക്കൂർ നീട്ടി. പുലർച്ചെ 3.15 മുതൽ ഉച്ചയ്ക്ക് 12.30 വരെ നെയ്യഭിഷേകത്തിന് സൗകര്യമുണ്ടാകും. നെയ്യഭിഷേകത്തിന് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകുന്നു. മറ്റ് ഉദ്ദേശ്യവുമായി വരുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകും. നിലയ്ക്കലിൽനിന്ന് രാത്രി 12 മുതലും എരുമേലിയിൽനിന്ന് 11 മുതലും തീർത്ഥാടകരെ കടത്തിവിടും. ശുചിമുറികളുടെ എണ്ണം കൂട്ടുമെന്നും പദ്മകുമാർ പറഞ്ഞു.

നെയ്യഭിഷേകത്തിന് എത്തിയവർക്ക് രാത്രി ശബരിമലയിൽ തങ്ങുന്നതിന് പ്രശ്നമില്ല. സമരത്തിന് നടപ്പന്തൽ ഉപയോഗിക്കാൻ പറ്റില്ല. ദേവസ്വവും പൊലീസും തമ്മിൽ ഏകോപനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.