കൽപ്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭ പുരസ്‌കാരം ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനത്തിന്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥയുടെ രൂപഭാവങ്ങളെ സമഗ്രമായി ഉടച്ചുവാര്‍ത്ത എഴുത്തുകാരില്‍ പ്രധാനിയാണ് സന്തോഷ് ഏച്ചിക്കാനമെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി.
Read Also: മലയാളത്തിന്റെ ഭാഗ്യനായികയുടെ ബാല്യകാല ചിത്രം
കൽപ്പറ്റ നാരായണന്‍ അധ്യക്ഷനും ഇ.പി.രാജഗോപാലന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി. അറിയിച്ചു.
ബിരിയാണി, കൊമാല, ഒറ്റവാതില്‍, കഥാപാത്രങ്ങളും പങ്കെടുത്തവരും, ഒരു ചിത്രകഥയിലെ നായാട്ടുകാര്‍, നരനായും പറവയായും, പകല്‍ സ്വപ്നത്തില്‍ വെയിലു കായാന്‍ വന്ന ഒരു നരി, ശ്വാസം എന്നിവയാണ് ഏച്ചിക്കാനത്തിന്റെ പ്രധാന കൃതികള്‍.
നിദ്ര, അന്നയും റസൂലും, ബാച്ചിലര്‍ പാര്‍ട്ടി, ഞാന്‍ സ്റ്റീവ് ലോപ്പസ്, ഇടുക്കി ഗോള്‍ഡ്, ചന്ദ്രേട്ടന്‍ എവിടെയാണ്, അബി തുടങ്ങിയ സിനിമകളുടെ തിരക്കഥാ കൃത്ത് കൂടിയാണ് സന്തോഷ് ഏച്ചിക്കാനം.