ഇത്തവണ പദ്മ പുരസ്കാരം ലഭിച്ച നാലു മലയാളികളിൽ സ്വാതന്ത്ര്യ സമര സേനാനി, വിത്തുകൾ സംരക്ഷിക്കുന്ന ആദിവാസി കർഷകൻ, കളരി ഗുരുക്കൾ, ആർ എസ് എസ് അനുകൂലിയും ഭാരതീയ വിചാരകേന്ദ്രം മുൻ വർക്കിങ് പ്രസിഡന്റ് എന്നിവരാണ് ഉൾപ്പെടുന്നത്. ഒരുപക്ഷേ, ഇത്തവണ പദ്മ അവാർഡ് ലഭിച്ചതിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയും കേരളത്തിൽ നിന്നായിരിക്കും. കണ്ണൂരുകാർക്ക് ഇത്തവണത്തെ പദ്മ പുരസ്കാരം ഇരട്ടി സന്തോഷമാണ് നൽകുക. രണ്ട് പേർക്കാണ് ജില്ലയിൽ പദ്മ പുരസ്കാരം ലഭിച്ചത്.
വി പി അപ്പുക്കുട്ട പൊതുവാൾ
സ്വാതന്ത്ര്യ സമരസേനാനിയായ വി പി അപ്പുക്കുട്ട പൊതുവാൾ നൂറാം വയസിലേക്ക് കടക്കുമ്പോഴാണ് പദ്മ പുരസ്കാരം തേടിയെത്തുന്നത്. കണ്ണൂർ പയ്യന്നൂരിൽ ജനിച്ച അപ്പുക്കുട്ട പൊതുവാൾ സ്വാതന്ത്ര്യസമരകാലത്ത്, കൗമാരകാലത്ത് ഗാന്ധിയിൽ ആകൃഷ്ടനായി സമരരംഗത്ത് കാലുറപ്പിച്ച നിന്ന വ്യക്തിത്വമാണ്. 1942 ൽ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലെ സജീവ പങ്കാളിയായിരുന്നു അദ്ദേഹം. ഖാദി പ്രചാരണം ഉൾപ്പടെയുള്ള രംഗങ്ങളിൽ സജീവ പ്രവർത്തനം നടത്തുന്ന അപ്പുക്കുട്ട പൊതുവാൾ ഇന്നും പൊതുരംഗത്ത് സജീവമായി ഇടപെടുന്നുണ്ട്.
പയ്യന്നൂരിലേക്ക് പദ്മ പുരസ്കാരമെത്തുന്നത് ഇത് മൂന്നാം തവണയാണ്. നേരത്തെ പയ്യന്നൂർ സ്വദേശികളായ നൃത്തരംഗത്തെ പ്രതിഭകളായ ധനഞ്ജയൻ, ശാന്താ ധനഞ്ജയൻ ദമ്പതികൾക്കും കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും പദ്മ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ചെറുവയൽ രാമൻ
വയനാട് മാനന്തവാടി സ്വദേശിയായ തലക്കര ചെറിയരാമൻ എന്ന ചെറുവയൽ രാമൻ തദ്ദേശീയമായ നിരവധി നെൽവിത്തുകളുടെ സംരക്ഷകനാണ്. വിത്തച്ഛൻ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ 1952 ലാണ് ജനിച്ചത്. ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ഇത്രയധികം വിത്തിനങ്ങൾ കൃഷി ചെയ്തു സംരക്ഷിക്കുന്ന ഏക കർഷകനാകും അദ്ദേഹം. 45 ഇനം നെല്ലിനങ്ങൾ അദ്ദേഹം കൃഷി ചെയ്ത് സംരക്ഷിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന് പുറമെ പരമ്പരാഗത പച്ചക്കറി ഇനങ്ങളും ഔഷധ സസ്യങ്ങളും ഒക്കെ സംരക്ഷിക്കുന്നുണ്ട്. കാർഷികമേഖലയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കായി നിരവധി വിദ്യാർത്ഥികളും വിദഗ്ദ്ധരും അദ്ദേഹത്തിനെ കാണാനെത്തുകയും അവിടെ നിന്നും കാര്യങ്ങൾ പഠിക്കുകയും ചെയ്യുന്നുണ്ട്.
എസ് ആർ ഡി പ്രസാദ്
കളിരത്തറയിൽ മാത്രമല്ല, പഠനത്തിലും തെറ്റാത്ത ചുവടുകളിൽ നിലയുറിപ്പിച്ച് കളരിയുടെ അറിവുകളിലേക്ക് കടന്നു ചെന്ന വ്യക്തിത്വമാണ് എസ് ആർ ഡി പ്രസാദ് എന്ന കണ്ണൂർക്കാരൻ. അച്ഛനിൽ നിന്നും കളരി അഭ്യസിച്ചു തുടങ്ങിയ പ്രസാദ് അതിനെ കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുകയും ആയോധന കലയെ കുറിച്ച് കളരിപ്പയറ്റ് വിജ്ഞാനകോശം, മെയ്‌പ്പയറ്റ്, ഒറ്റ തുടങ്ങിയ പുസ്തകങ്ങൾ രചിക്കുകയും ചെയ്തു. കേന്ദ്രസർക്കാർ രണ്ട് തവണ ഫെല്ലോഷിപ്പ് നൽകി ആദരിച്ചിട്ടുണ്ട്. ഫോക്‌ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കളരിയുടെ പ്രായോഗിക കലയും അക്കാദമിക്കായി ചരിത്രവും സിദ്ധാന്തവും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പ്രതിഭയാണ് എസ് ആർ ഡി പ്രസാദ്.
സി ഐ ഐസക്
കോട്ടയം സി എം എസ് കോളജിലെ മുൻ അധ്യാപകൻ സി ഐ ഐസക്ക് എന്ന എഴുപത്തിയൊന്നുകാരൻ തീവ്രവലതുപക്ഷ നിലപാടുകളുടെ പേരിലാണ് അടുത്തിടെയായി ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. 2008 വരെ കോട്ടയം സി എം എസ് കോളജിലെ അധ്യാപകനായിരുന്ന ഐസക് ഏറെക്കാലമായി അറിയപ്പെടുന്ന സംഘപരിവാർ സഹയാത്രികനാണ്. മലബാർ കലാപത്തിലെ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപ്പടെ 382 രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്നും ഒഴിവാക്കുന്നതിൽ കാർമികത്വം വഹിച്ച ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ഐ സി എച്ച് ആർ) ഭാരവാഹി എന്ന നിലയിലാണ് അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത്. നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തി അധികം വൈകുന്നതിന് മുമ്പ് ഐ സി എച്ച് ആറിൽ സി ഐ ഐസക്കിനെ അംഗമാക്കി. മതംമാറ്റത്തിനെതിരെ കർശന നിയമം നടപ്പാക്കണമെന്ന നിലപാടും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ വർക്കിങ് പ്രസിഡന്റുമാണ് അദ്ദേഹം.