ശബരിമല: തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ ശബരിമലയിൽ പടിപൂജ നടന്നു. പൂങ്കാവനത്തിലെ 18 മലകൾക്കും അതിലെ ദേവതകൾക്കും അയ്യപ്പനും പ്രത്യേക പൂജകൾ കഴിക്കുന്നതാണ് പടിപൂജയുടെ സങ്കൽപം. ഓരോപടിയും അലങ്കരിച്ചു പൂജിച്ച് കര്പ്പൂരമുഴിഞ്ഞു തൊഴുന്നതോടെയാണ് ചടങ്ങു പൂര്‍ത്തിയാകുന്നത്.
ദീപാരാധനയ്ക്കുശേഷമാണ് പൂജകൾ തുടങ്ങുക. പടികളിൽ പട്ട് വിരിച്ച് ഓരോ പടിയിലും നിലവിളക്കും ഒരുക്കുകളും വച്ച് പൂജ കഴിപ്പിക്കും. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കേ പടിപൂജ നടത്താൻ കഴിയൂ. 75,000 രൂപ ദേവസ്വത്തിൽ അടയ്ക്കണം. ഇതിനു പുറമെ ഒരു ലക്ഷം രൂപയെങ്കിലും ചെലവ് വരും. 2033 വരെയുള്ള പടിപൂജയുടെ ബുക്കിങ് ഇപ്പോഴേ കഴിഞ്ഞിട്ടുണ്ട്.
സഹസ്രകലശ പൂജയും ശബരിമല സന്നിധാനത്ത് നടന്നു. കന്നിമാസ പൂജ പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട ഇന്നലെ അടച്ചിരുന്നു. കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 17 നാണ് ശബരിമല നട തുറന്നത്.