കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തവണ ശബരിമലയിലെ പടി പൂജയും ഉദയാസ്തമന പൂജയും കൂടുതൽ ദിവസങ്ങളിൽ നടത്തും. സാധാരണ മലയാള മാസപൂജകള്‍ക്കായി നട തുറക്കുന്ന അഞ്ച് ദിവസങ്ങളില്‍ മാത്രം നടത്തിയിരുന്ന ശബരിമല ക്ഷേത്രത്തിലെ പടിപൂജയും ഉദയാസ്തമന പൂജയും കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഉള്ളതിനാല്‍ ഈ മണ്ഡലകാലത്ത് ഡിസംബര്‍ 15 വരെ എല്ലാ ദിവസവും നടക്കും. മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡിസംബര്‍ 31 മുതല്‍ ജനുവരി 10 വരെയും ശേഷം ജനുവരി 15 മുതല്‍ 19 വരെയും പടി പൂജയും ഉദയാസ്തമന പൂജയും നടക്കും.

കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കാതിരുന്ന മീനമാസ പൂജകള്‍ മുതല്‍ മുടങ്ങിയിരുന്നു. ആ മലയാളമാസത്തിലെ പടി പൂജയും ഉദയാസ്തമന പൂജയുമാണ് ഇപ്പോൾ നടന്നുവരുന്നത്. പടി പൂജയും ഉദയാസ്തമന പൂജയും മുടങ്ങിപോയവരെ അറിയിക്കുകയും എത്താന്‍ കഴിയാത്തവര്‍ക്ക് പകരമായി ലിസ്റ്റില്‍ നിന്ന് ശേഷം ഉള്ളവരെ പരിഗണിക്കുകയും അവര്‍ക്കും എത്താന്‍ കഴിയാത്ത പക്ഷം പുതിയതായി ബുക്ക് ചെയ്യുന്നവരെ പരിഗണിക്കുകയും ചെയ്യുമെന്ന് ശബരിമല അധികൃതർ പറഞ്ഞു.

Read More: പമ്പയിലേക്കുള്ള ബസ് സർവ്വീസുകൾ പൂർണ്ണ സജ്ജമെന്ന് കെഎസ്ആർടിസി

പടിപൂജ ദീപാരാധനയ്ക്ക് ശേഷമാണ് തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്നത്. പതിനെട്ട് പടികളെയും 18 മലകളായി സങ്കല്‍പ്പിച്ച് അഭിഷേകവും നേദ്യവും പൂജകളും നടത്തുന്നു. ഉദയാസ്തമന പൂജ രാവിലെ എട്ട് മുതല്‍ അത്താഴപൂജ വരെ 18 പൂജകളായി നടക്കുന്നു. പടിപൂജയ്ക്ക് 75,000 രൂപയാണ് നിരക്ക്. നിലവില്‍ 2036 വരെയുള്ള വര്‍ഷങ്ങളിലെ ബുക്കിംഗ് കഴിഞ്ഞു. ഉദയാസ്തമന പൂജയുടെ നിരക്ക് 40,000 രൂപ. നിലവില്‍ 2027 വരെയുള്ള ബുക്കിംഗ് പൂര്‍ത്തിയായി.

ശബരിമലയിലെ വ്യാഴാഴ്ചത്തെ (19. 11.20) ചടങ്ങുകള്‍

 • 5 മണിക്ക്…. തിരുനട തുറക്കല്‍
 • 5.05 ന്….. അഭിഷേകം
 • 5.30 ന് …ഗണപതി ഹോമം
 • 7 മണി മുതല്‍ 11 മണി വരെ നെയ്യഭിഷേകം
 • 7.30 ന് ഉഷപൂജ
 • 8 മണി മുതല്‍ ഉദയാസ്തമന പൂജ
 • 11.30 ന് 25 കലശാഭിഷേകം
 • തുടര്‍ന്ന് കളഭാഭിഷേകം
 • 12 ന് ഉച്ചപൂജ
 • 1 മണിക്ക് നട അടയ്ക്കല്‍
 • 4 മണിക്ക് ക്ഷേത്രനട തുറക്കും
 • 6.30 ….ദീപാരാധന
 • 7 മണിക്ക് …..പടിപൂജ
 • 8.30 മണിക്ക് ….അത്താഴപൂജ
 • 8.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 9 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.