കോട്ടയം: തിളയ്ക്കുന്ന അരിവില സംസ്ഥാന സര്‍ക്കാരിനെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി പൊള്ളിക്കുമ്പോള്‍ വികസനത്തിന്റെയും സ്വയം പര്യാപ്തതയുടെയും പുതിയ പാഠമെഴുതുന്നു മെത്രാൻ കായൽ. അരിവില കുതിച്ചു കയറുകയും അരി ഉത്പാദനം കുത്തനെ ഇടിയുകയും ചെയ്യുന്ന കേരളത്തിന് പുതിയൊരു വഴി തുറക്കുകയാണ് ഇവിടെ നടത്തിയ നെൽകൃഷി. ടൂറിസം വികസനത്തിനെന്ന പേരിൽ വിറ്റവിക്കാനൊരുങ്ങി വിവാദമായ സ്ഥലമാണ് മെത്രാൻ കായൽ പാടശേഖരം. അത് തിരിച്ചെടുത്ത് വിത്തിറിക്കി വിളവെടുത്തപ്പോൾ വികസന സങ്കൽപ്പങ്ങളിലെ പതിരും കതിരും വേർതിരിച്ചറിയാനായി. വയലും ജലസ്രോതസ്സുകളും നികത്തിയുളള വികസനത്തിന് ബദലായി അവിടെ കൃഷിയിറിക്കി അരി ഉത്പാദിപ്പിച്ച് ഭക്ഷ്യ സ്വയംപര്യാപ്തതയിലേയ്ക്കും അതിലൂടെ കൃഷിപ്പണിയെയും ആ അരിയെ ബ്രാൻഡ് അരി ആക്കി ഇറക്കുന്നതിലൂടെയുമുളള തൊഴിൽ സാധ്യതകളെയും വരുമാനവും വീണ്ടും വർദ്ധിപ്പിക്കാനുളള ശ്രമത്തിലാണ് സർക്കാർ. അതായത് വികസനത്തിന്റെ ചില ബദൽപാഠങ്ങളാണ് മെത്രാൻ പാടം പകരുന്നത്.
മെത്രാന്‍ കായല്‍ പാടശേഖരം പ്രകൃതിയിലേക്കുള്ള തിരിച്ചുവരവിന്റെയും കാര്‍ഷിക സംസ്‌കൃതിയുടെയും പുതിയ ചരിത്രങ്ങള്‍ കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നു. മാര്‍ച്ച് പതിനൊന്നിന് മെത്രാന്‍ കായല്‍ പാടശേഖരത്തില്‍ നടന്ന കൊയ്ത്തുല്‍സവം കേരളത്തിലെ കര്‍ഷകര്‍ക്കും കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്കും പ്രചോദനം പകരുന്നതും ഇതുകൊണ്ടുതന്നെയാവാം. പാടശേഖരങ്ങള്‍ നികത്തി വമ്പന്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതു മാത്രമല്ല വികസനമെന്നു പറഞ്ഞു കൊടുക്കുന്നുമുണ്ട് മെത്രാന്‍ കായലില്‍ ജനകീയ ഇടപെടലില്‍ കതിരണിഞ്ഞ പാടശേഖരങ്ങള്‍.
മെത്രാന്‍ കായലില്‍ ഇന്നലെ അരങ്ങേറിയ കൊയ്ത്തുല്‍സവം കൃഷിയെയും മണ്ണിനെയും സ്‌നേഹിക്കുന്നവര്‍ക്കുള്ള അംഗീകാരം കൂടിയായി മാറി. റിയല്‍ എസ്റ്റേറ്റു മാഫിയകളുടെ കടന്നുകയറ്റത്തിനിടയിലും പ്രലോഭനങ്ങളെയും ഭീഷണികളെയും അതിജീവിച്ചു മെത്രാന്‍ കായലില്‍ കൃഷിയിറക്കിയ 94 കാരനായ എം.കെ.കരുണാകരന്‍ എന്ന കര്‍ഷകനെ സംബന്ധിച്ചിടത്തോളം ഇന്നലെ പൂവണിഞ്ഞത് കാലങ്ങളായി മനസില്‍ താലോലിച്ചുകൊണ്ടുനടന്നിരുന്ന സ്വപ്‌നമാണ്. അമ്പതു വര്‍ഷത്തിലധികം മെത്രാന്‍ കായലില്‍ നെല്‍ക്കൃഷി ചെയ്ത കരുണാകരന്‍ കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ മെത്രാന്‍ കായല്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ തന്നെ വില്‍ക്കാതെ ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന പാടത്ത് കൃഷിയിറക്കാനുളള സഹായം തേടി അദ്ദേഹത്തെ കണ്ടത്. കര്‍ഷകന്റെ ആത്മാര്‍ഥത തിരിച്ചറിഞ്ഞ മന്ത്രി എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്തു. ആ വാഗ്‌ദാനത്തിന്റെ പൂര്‍ത്തീകരണം കൂടിയായിരുന്നു ഇന്നലെ കൊയ്‌തെടുത്തത്.

നെല്‍വയലുകളുടെയും ജലാശയങ്ങളുടെയും മനോഹാരിത നഷ്ടപ്പെടുന്ന ഒരു പദ്ധതിയും സംസ്ഥാനത്ത് ഇനി അനുവദിക്കില്ലെന്ന് മെത്രാന്‍കായല്‍ പാടശേഖരത്തെ നെല്‍കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ വ്യക്തമാക്കി. മെത്രാന്‍ കായല്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല. മെത്രാന്‍ കായല്‍ പാടശേഖരത്ത് ഇനിയുള്ള വര്‍ഷങ്ങളിലും നെല്‍ക്കൃഷി തന്നെ തുടരും. മെത്രാന്‍കായല്‍ പാടശേഖരത്തില്‍ കൃഷിയിറക്കാന്‍ കമ്പനി ഉടമകള്‍ സഹകരിച്ചില്ലെങ്കില്‍ നിയമ നിര്‍മാണത്തിലൂടെ ഭൂമി പിടിച്ചെടുക്കുമെന്ന് മന്ത്രി സുനില്‍കുമാര്‍. ഇത്തവണ സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിട്ടും ഉടമകള്‍ കൃഷിയിറക്കാന്‍ തയാറായില്ല. തുടര്‍ന്ന് യുവജനസംഘടനകളും ചങ്ങാതിക്കൂട്ടവുമെല്ലാം ചേര്‍ന്നാണ് 300 ഏക്കറോളം പാടത്ത് വിത്തുവിതച്ചത്. അടുത്തതവണയും ഇതേ അവസ്ഥ തുടര്‍ന്നാല്‍ മെത്രാന്‍ കായലിന്റെ പേര് സര്‍ക്കാര്‍ കായല്‍ എന്നാകുമെന്ന് മന്ത്രി പറഞ്ഞു.
പ്രതിവര്‍ഷം ശരാശരി 3300 മില്ലിമീറ്റര്‍ മഴപെയ്യുന്നതും 44 നദികളാല്‍ സമ്പന്നവുമായ കേരളത്തില്‍ കൃത്രിമമഴയെകുറിച്ച് ചിന്തിക്കേണ്ടിവന്നത് എത്രത്തോളം ഗുരുതരമായ അവസ്ഥയാണെന്ന് മലയാളികള്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ രാസവളവും കീടനാശിനിയുമില്ലാത്ത ജൈവകൃഷിയിലൂടെ മണ്ണും ജലവും സംരക്ഷിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിയേ മതിയാകൂ. അരി ഉല്‍പ്പാദനം പ്രതിവര്‍ഷം 10 ലക്ഷം മെട്രിക് ടണ്ണിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇപ്പോഴിത് അഞ്ച് ലക്ഷം മെട്രിക് ടണ്ണാണ്. ഇതോടൊപ്പം ജൈവ പച്ചക്കറിക്കൃഷിയില്‍ കേരളം സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികളും ആവിഷ്‌കരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
മെത്രാന്‍ കായലില്‍ ഏട്ടു വര്‍ഷത്തിനുശേഷം കൃഷിയിറക്കാന്‍ നേതൃത്വം നല്‍കിയ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ആറന്‍മുളയില്‍ കൃഷിയിറക്കാന്‍ നേതൃത്വം നല്‍കിയവര്‍ക്കും ഗുഡ്‌സർവീസ് എന്‍ട്രി നല്‍കിയിരുന്നു.

ജനകീയ കൂട്ടായ്മയില്‍ വിളഞ്ഞ മെത്രാന്‍ കായല്‍ ബ്രാന്‍ഡ് അരി വിപണിയിലേക്കെത്തുകയാണ്. ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് ഉടന്‍ വിപണിയിലെത്തിക്കുന്ന ‘മെത്രാന്‍കായല്‍ ബ്രാന്‍ഡ്’ അരിയുടെ ലോഗോ സിനിമാതാരം ശ്രീനിവാസൻ പ്രകാശനം ചെയ്തു. ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. മറ്റൊരു വരള്‍ച്ചാക്കാലം കൂടി കേരളത്തെ പൊള്ളിക്കുമ്പോള്‍ കാര്‍ഷിക സംസ്‌കാരത്തിലേക്കും മണ്ണിലേക്കുമുള്ള തിരിച്ചു പോക്ക് അടയാളപ്പെടുത്തുന്നത് അതിജീവനത്തിന്റെ പുതിയ പാഠങ്ങളാണ്.