എഴുത്തച്ഛന്‍ പുരസ്കാരം പി. വത്സലയ്ക്ക്

അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം

തിരുവനന്തപുരം. 2021 ലെ എഴുത്തച്ഛന്‍ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സലയ്ക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയാണ് എഴുത്തച്ഛന്‍ പുരസ്കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനും ഡോ. ഇ. ഇക്ബാല്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, സാംസ്കാരിക പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്ത്.

പ്രാദേശികവും വംശീയവും സ്വത്വപരവുമായ കേരള പാരമ്പര്യങ്ങളെ അതിമനോഹരമായി ആവിഷ്കരിച്ച എഴുത്തുകാരിയാണ് പി. വത്സലയെന്ന് ജൂറി നിരീക്ഷിച്ചു. മാനവികതയുടെ അപചയങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിയ പി. വത്സല നിന്ദിതരുടേയും നിരാലംബരുടേയും മുറവിളികള്‍ക്ക് എഴുത്തില്‍ ഇടം നല്‍കിയെന്നും ജൂറി വ്യക്തമാക്കി.

സമഗ്രാധിപത്യത്തിനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും ഒരു പോരാളിയെ പോലെ പി. വത്സല പ്രതികരിച്ചിട്ടുണ്ടെന്നും ജൂറി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളുടേയും ദളിത് ആദിവാസി വിഭാഗങ്ങളുടേയും ജീവിതത്തെ സൂക്ഷ്മതയോടെ പകര്‍ത്താന്‍ പി. വത്സലയ്ക്ക് സാധിച്ചതായും ജൂറി പറഞ്ഞു.

1938 ല്‍ കോഴിക്കോട് ജനിച്ച പി. വത്സല ദീര്‍ഘകാലം അധ്യാപികയായി സേവനം അനുഷ്ടിച്ചു. 2010-11 കാലയളവില്‍ കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷയായിരുന്നു. 2019 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നേടി. അക്കദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിഴലുറങ്ങുന്ന വഴികള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. നെല്ല് എന്ന കൃതി കുങ്കുമം അവാര്‍ഡിനും അര്‍ഹയാക്കി. മുട്ടത്ത് വര്‍ക്കി അവാര്‍ഡ്, സി.വി. കുഞ്ഞിരാമന്‍ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് എന്നിവയാണ് ലഭിച്ച മറ്റ് പുരസ്കാരങ്ങള്‍.

Also Read: ഗൃഹപ്രവേശം-ശ്രീരേക് അശോക് എഴുതിയ കവിത

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: P valsala wins ezhuthachan award 2021

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com