തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയുടെ ചോദ്യങ്ങൾ പാക്കിസ്ഥാൻ സിവിൽ സർവീസ് പരീക്ഷ ചോദ്യപേപ്പറിൽനിന്നു പകർത്തിയതാണെന്ന ഗുരുതര ആരോപണവുമായി പി.ടി തോമസ് എംഎൽഎ. ആറ് ചോദ്യങ്ങളാണ് പകർത്തിയത്. അഞ്ച് ചോദ്യങ്ങൾ 2001ലെ പരീക്ഷയിൽ നിന്നും ഒരു ചോദ്യം 2011ലെ പരീക്ഷയിൽ നിന്നുമാണെന്ന് അദ്ദേഹം ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. ഇതിൽ സമഗ്രമായ അന്വേഷണം വേണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.
കെഎഎസ് പരീക്ഷാ പേപ്പറിലെ 63, 64, 66, 67, 69, 70 എന്നീ നമ്പറിലുള്ള ചോദ്യങ്ങളും പാക്കിസ്ഥാൻ സിവിൽ സർവീസ് പരീക്ഷയിലെ 6, 13, 17, 19, 20, എന്നീ നമ്പർ ചോദ്യങ്ങളും ഒന്നു തന്നെയാണെന്ന് തെളിവ് സഹിതം പി.ടി തോമസ് വ്യക്തമാക്കി. ഇത് പാക്കിസ്ഥാന്റെ ചോദ്യപേപ്പറിൽ നിന്ന് പകർത്തിയതാണെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാൽ ചോദ്യങ്ങൾ തയ്യാറാക്കിയത് രാജ്യത്തെ പ്രമുഖരാണെന്നും എംഎൽഎയുടെ ആരോപണത്തിൽ കഴമ്പില്ലെന്നും പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കാനാണ് ഇത്തരത്തിലൊരു ആരോപണം കെട്ടിച്ചമച്ചതെന്നും ചൂണ്ടിക്കാട്ടി പിഎസ്‌സി ചെയർമാൻ എം.കെ സക്കീർ രംഗത്തെത്തി.
പിഎസ്‍സി പരിശീലനത്തിന്‍റെ മറവിലെ വൻ തട്ടിപ്പുകള്‍ നടക്കുന്നതായുള്ള റിപ്പോട്ടുകൾ പുറത്തുവന്നിരുന്നു. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർ ബന്ധുക്കളുടെ പേരിൽ പിഎസ്‍സി പരിശീലന കേന്ദ്രങ്ങൾ നടത്തുന്നതായി വിജിലൻസ് കണ്ടെത്തി. പൊതുഭരണവകുപ്പിലെ അസിസ്റ്റൻ്റുമാരായ ഷിബു കെ നായർ, രഞ്ജൻ രാജ് എന്നിവരാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും പേരിൽ പരിശീലന കേന്ദ്രങ്ങൾ നടത്തുന്നത്. പൊതുഭരണ വകുപ്പിലെ ചില ഉദ്യോഗസ്ഥർ പല കേന്ദ്രങ്ങളിലും പഠിപ്പിക്കുന്നതായുള്ള വിവരവും വിജിലൻസിന് കിട്ടി.
കേരള അഡമിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് പിഎസ്‌സി നടത്തിയ ആദ്യഘട്ട പരീക്ഷയാണ് ശനിയാഴ്ച നടന്നത്. രണ്ടു പേപ്പറുകളിലായി രാവിലെയും ഉച്ചയ്ക്കുമായിരുന്നു പരീക്ഷ നാല് ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതിയത്. മെയിന്‍ പരീക്ഷ ജൂണില്‍ നടത്തി നവംബറില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് പിഎസ്‌സി ശ്രമിക്കുന്നത്.
പരീക്ഷകളിൽ പതിവില്ലാത്ത കർശന സുരക്ഷാ ക്രമീകരണങ്ങളാണ് പിഎസ്‌സി പരീക്ഷയ്ക്ക് ഏർപ്പെടുത്തിയിരുന്നത്. പിഎസ്‌സിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കർശന നിയന്ത്രണങ്ങളോടെ പരീക്ഷ നടത്തുന്നത്. മൊബൈൽ ഫോൺ, വാച്ച്, ഇലക്ട്രോണിക് ഉപകരണങ്ങൾ, ബാഗ്, കുട, പുസ്തകം, കുപ്പിവെള്ളം തുടങ്ങി ഒന്നും പരീക്ഷ ഹാളിന്റെ വരാന്തയിൽ പോലും കയറ്റാൻ അനുവദിച്ചില്ല. ഇവ സൂക്ഷിക്കാൻ പരീക്ഷ ഹാൾ വിട്ട് മറ്റൊരു കെട്ടിടത്തിൽ ക്ലോക്ക് റൂം ക്രമീകരിച്ചതും ആദ്യമാണ്.