/indian-express-malayalam/media/media_files/uploads/2022/05/sreeramakrishnan-1.jpg)
ഫയൽ ചിത്രം
തിരുവനന്തപുരം: തനിക്കെതിരെ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളെല്ലാം തീർത്തും അസംബന്ധമണെന്ന് മുൻ സ്‌പീക്കറും നോർക്ക റൂട്സ് വൈസ് ചെയർമാനുമായ പി. ശ്രീരാമകൃഷ്ണൻ. സ്വപ്ന സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യങ്ങൾ തള്ളിയ ശ്രീരാമകൃഷ്ണൻ ഷാർജ ഷെയ്ഖിന് കൈക്കൂലി നൽകാൻ മാത്രം താൻ വളർന്നോ എന്നും ചോദിച്ചു.
അന്വേഷണ ഏജൻസികൾ ഈ വിവരങ്ങളൊക്കെ നേരത്തെ വിശദമായി അന്വേഷിച്ചതാണ്. ഇതൊന്നും പുതിയ കാര്യങ്ങൾ അല്ലെന്നും പി. ശ്രീരാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. സ്വപ്ന പറയുന്നത് പോലൊരു കോളേജ് ഷാർജയിൽ ഇല്ല. അതിനു സ്ഥലമൊന്നും കിട്ടിയിട്ടില്ല. എല്ലാം ശൂന്യതയിൽ നിന്ന് പറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഷാർജ ഷെയ്ഖ് ആയിട്ടോ കോൺസുലേറ്റ് ജനറൽ ആയിട്ടോ തനിക്ക് വ്യക്തിപരമായ ബന്ധമില്ല. അവരെ ആരെയും ഒറ്റയ്ക്ക് കണ്ടിട്ടില്ല. ഫോൺ നമ്പർ പോലും കയ്യിൽ ഇല്ലെന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. ആരോപണങ്ങൾക്കെതിരെ നിയമനടപടി ഉണ്ടാകുമോയെന്ന ചോദ്യത്തിന് കാത്തിരുന്നു കാണാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്വപ്ന സുരേഷ് നടത്തിയ ആരോപങ്ങങ്ങൾക്ക് മറുപടി നൽകാൻ ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുമെന്ന് കെടി ജലീൽ പറഞ്ഞു. "ഉച്ചയ്ക്ക് 12.30 ന് മാധ്യമങ്ങളെ കാണും. അതോടെ നുണക്കഥകൾ ചീട്ടുകൊട്ടാരം കണക്കെ തകർന്നടിയും. കാത്തിരിക്കു" എന്ന് ജലീൽ ഫെയ്‌സ്‌ബുക്കിൽ കൂടി അറിയിച്ചു.
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുൻ മന്ത്രി കെ ടി ജലീൽ, നിയമസഭാ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ഷാർജയിൽ ഒരു വിദ്യാഭ്യാസ തുടങ്ങുന്നതിനായി ഷാര്‍ജാ ഭരണാധികാരിയുമായി ശ്രീരാമകൃഷ്ണന്‍ കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെടുകയും താന്‍ അത് ശരിയാക്കി കൊടുക്കുകയും ചെയ്തുവെന്നാണ് സ്വപ്‌നയുടെ സത്യവാങ്മൂലത്തിൽ ആരോപിച്ചിരിക്കുന്നത്. കൂടിക്കാഴ്ചക്കിടെ ഒരു ബാഗ് നിറയെ പണം ശ്രീമകൃഷ്ണൻ നൽകിയെന്നും സ്വപ്ന ആരോപിക്കുന്നു.
ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് കമ്പനി ഉടമ മാധവ വാര്യര്‍ കെ.ടി.ജലീലിന്റെ ബിനാമിയാണെന്നതാണ് സ്വപ്‌ന സുരേഷിന്റെ മറ്റൊരു ആരോപണം. കോൺസുലേറ്റ് ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി. ജലീല്‍ 17 ടണ്‍ ഈന്തപ്പഴം കേരളത്തിലേക്ക് എത്തിച്ചുവെന്നും മുംബൈയിലെ ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് വഴി കെടി ജലീല്‍ ഈന്തപ്പഴം ഇറക്കുമതി ചെയ്‌തെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സ്വപ്ന ആരോപിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.