കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ ഭരണകക്ഷി നേതാക്കളുടെ പേര് പറഞ്ഞ് ജോലി വാഗ്‌ദാനം ചെയ്ത് പണം തട്ടിയ കേസിൽ പി. സതീശൻ അറസ്റ്റിൽ. സി പി എമ്മിന്റെ കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയുടെ സഹോദരനാണ് പി. സതീശൻ.

കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്‌ദാനം ചെയ്തും ആശ്രിത നിയമന ജോലി ശരിയാക്കി നൽകാമെന്നും പറഞ്ഞും സതീശൻ പണം വാങ്ങിയെന്നാണ് ആരോപണങ്ങൾ ഉയർന്നത്. പണം തട്ടിപ്പ് കേസിൽ നൽകിയ പരാതിയിൽ കോഴിക്കോട് കസബ പൊലീസ് നടപടി എടുക്കാതിരുന്നതോടെ സംഭവം വിവാദമായിരുന്നു. നാല് പേരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സാമ്പത്തിക വഞ്ചനാകുറ്റം എടുത്തിരുന്നു.

ഇതേ തുടർന്നാണ് കസബ പൊലീസ് സതീശനെ ചോദ്യം ചെയ്ത ശേഷം  അറസ്റ്റ് ചെയ്തത്. സതീശനുമായി വർഷങ്ങളായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് സഹോദരനും സി പി എം മുൻ നേതാവുമായ പി. ശശി മാധ്യമങ്ങളോട് വ്യക്തമാക്കി.

മുഖ്യമന്ത്രിയായി ചുമതലേയറ്റപ്പോൾ തന്നെ തന്റെ പേര് പറഞ്ഞ് കാര്യം നടത്തിത്തരാമെന്ന് പറഞ്ഞുവരുന്ന “അവതാരങ്ങളെ” സൂക്ഷിക്കണമെന്ന് പിണറായി വിജയൻ മുന്നറിയപ്പ് നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ