തിരുവനന്തപുരം: രാഷ്ട്രീയ തീരുമാനങ്ങൾ മാത്രം അനുസരിച്ചല്ല സിവിൽ സർവീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടതെന്ന് ഗവർണർ പി സദാശിവം. നിയമാനുസൃതമായി മാത്രമേ ഉദ്യോഗസ്ഥർ പ്രവർത്തിക്കാവൂവെന്നും അദ്ദേഹം നിര്‍ദേശം നല്കി. രാഷ്ട്രീയ നേതാക്കളും ഭരണവും മാറിമറിഞ്ഞു വന്നാലും നിയമംവിട്ട് പ്രവർത്തിക്കരുതെന്നും ഗവർണർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെതിന് പിന്നാലെ ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ട് പരാതി നല്‍കിയിരുന്നു. കണ്ണൂരില്‍ അടിക്കടി രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ അഫ്സ്പ (ആര്‍മിഡ് ഫോര്‍സ് സ്പെഷ്യല്‍ പവര്‍ ആക്ട്) നടപ്പാക്കണമെന്ന് ബിജെപി ഗവര്‍ണറോട് ആവശ്യപ്പെട്ടു. പയ്യന്നൂർ വധക്കേസിലെ പ്രതിയായ ആർഎസ്എസ് നേതാവ് ബിജു കൊല്ലപ്പെട്ടത് പൊലീസിന്റെ നിസംഗത കാരണമാണെന്നും ഇവര്‍ ആരോപിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പൊലീസിന് ഗവര്‍ണറുടെ നിര്‍ദേശം.