കൊച്ചി: ലോകായുക്ത ഓർഡിനൻസിൽ പ്രതിപക്ഷ നേതാവ് വി,ഡി സതീശന് മറുപടിയുമായി നിയമമന്ത്രി പി.രാജീവ്. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നും നിയമമന്ത്രി വ്യക്തമാക്കി. ഗവര്‍ണറാണ് നടപടിയെടുക്കേണ്ടതെന്നാണ് കോടതി ഉത്തരവ്. ഭേദഗതി മന്ത്രിസഭ കൂട്ടമായി എടുത്ത തീരുമാനമാണെന്നും നിയമസഭ ഉടന്‍ ചേരാത്തതിനാലാണ് ഓര്ഡിനന്സാക്കിയതേനും പി രാജീവ് പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ നിലപാട് ഭരണഘടനയുമായി ചേര്‍ന്നുനില്‍ക്കുന്നതല്ല. അദ്ദേഹം ഹൈക്കോടതി വിധി മുഴുവനായി വായിച്ചുകാണില്ല. ലോകായുക്തനിയമത്തിലെ 12,14 വകുപ്പുകള്‍ പരസ്പരം ബന്ധപ്പെട്ടതാണ്. ഹൈക്കോടതി ഉത്തരവ് 12ാം വകുപ്പിനെ മാത്രം പരാമര്‍ശിക്കുന്നതല്ല. ലോകായുക്തയ്ക്ക് ശുപാര്‍ശ നല്‍കാനുള്ള അര്‍ധ ജുഡീഷ്യറി സംവിധാനമാണ്. നിര്‍ദേശിക്കാന്‍ അധികാരമില്ല. അപ്പീല്‍ അധികാരമില്ലെന്നത് ഭരണഘടനാവിരുദ്ധമാണെന്നും രാജീവ് പറഞ്ഞു.
പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി തെളിഞ്ഞാല്‍ പദവിയില്‍ നിന്ന് നീക്കണമെന്ന ലോകായുക്ത നിയമത്തിലെ ഏറ്റവും കാതലായ വകുപ്പ് 14 ലാണ് വിവാദ ഭേദഗതി വരുന്നത്. പുതിയ ഭേദഗതി അനുസരിച്ചാണെങ്കില്‍ മുഖ്യമന്ത്രിക്കെതിരായ കേസില്‍ ഗവര്‍ണര്‍ക്കും മന്ത്രിമാര്‍ക്കെതിരായ കേസില്‍ മുഖ്യമന്ത്രിക്കും തീരുമാനമെടുക്കാം.
അതേസമയം, ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രതിനിധി സംഘം നാളെ ഗവര്‍ണറെ കാണും. വ്യാഴാഴ്ച രാവിലെ 11:30 നാണ് യു.ഡി.എഫ് പ്രതിനിധി സംഘം രാജ്ഭവനില്‍ ഗവര്‍ണറെ സന്ദര്‍ശിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല പി.എം.എ സലാം, മോന്‍സ് ജോസഫ്, എ.എ അസീസ്, സി.പി ജോണ്‍, ജി ദേവരാജന്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.
നിയമവിരുദ്ധമായ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറെ നേരില്‍ക്കണ്ട് ഇക്കാര്യം ആവശ്യപ്പെടാന്‍ യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചത്.