തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ എണ്ണം ഉയർത്തി. അംഗങ്ങളുടെ എണ്ണം 15 ൽനിന്നും 16 ആക്കി ഉയർത്തി. മെംബർഷിപ് കൂടിയ സാഹചര്യത്തിലാണ് അംഗസംഖ്യ വർധിപ്പിച്ചത്.

എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവും കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാലും ആണ് സെക്രട്ടറിയേറ്റില്‍ എത്തിയ പുതുമുഖങ്ങള്‍. 15 അംഗ സെക്രട്ടറിയേറ്റില്‍ നേരത്തെ വി.വി.ദക്ഷിണ മൂര്‍ത്തി മരിച്ചതിനെ തുടർന്ന് ഒരു ഒഴിവു വന്നിരുന്നു. ഇതോടൊപ്പം ഒരംഗത്തെ കൂടി ഉൾപ്പെടുത്താൻ പാര്‍ട്ടി സംസ്ഥാന സമിതിയോഗത്തിലാണ് തീരുമാനമായത്. നിലവിലുള്ള ആരേയും ഒഴിവാക്കാതെയാണ് രണ്ട് പേരെ കൂടി സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പി.കരുണാകരന്‍, പി.കെ.ശ്രീമതി, ടി.എം.തോമസ് ഐസക്ക്, ഇ.പി.ജയരാജന്‍, എളമരം കരിം, എം.വി.ഗോവിന്ദന്‍, എ.കെ.ബാലന്‍, ബേബി ജോണ്‍, ടി.പി.രാമകൃഷ്ണന്‍ ആനത്തലവട്ടം ആനന്ദന്‍, എം.എം.മണി, കെ.ജെ.തോമസ്, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ എന്നിവരാണ് നിലവിലെ സെക്രട്ടറിയേറ്റ് അംഗങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ