/indian-express-malayalam/media/media_files/uploads/2017/04/sakthivel.jpg)
തൃശൂർ: ജിഷ്ണു പ്രണോയി കേസിൽ മൂന്നാം പ്രതിയായ ശക്തിവേലിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് പി.കൃഷ്ണദാസെന്ന് മൊഴി. തന്നെ ഒളിവിൽ കഴിയാൻ സഹായിച്ചത് പി.കൃഷ്ണദാസ് ആണെന്ന് ശക്തിവേൽ പൊലീസിന് മൊഴി നൽകി. ഒളിവിൽ കഴിയുന്നതിനിടെ തന്നെ കൃഷ്ണദാസ് സന്ദർശിച്ചിരുന്നുവെന്നും ശക്തിവേൽ മൊഴി നൽകി. നിയമ സഹായം ഏർപ്പെടുത്തിയത് കൃഷ്ണദാസ് ആണെന്നും മൊഴി നൽകിയിട്ടുണ്ട്.
അതേസയം കേസിലെ നാലാം പ്രതിയായ സി.പി.പ്രവീണിനെ തേടി പൊലീസ് നാസിക്കിൽ എത്തി. പ്രത്യേക അന്വേഷണ സംഘമാണ് പ്രവീണിനെ തേടി നാസിക്കിൽ എത്തിയത്. എത്രയും പെട്ടെന്ന് പ്രവീണിനെ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ സംഘം പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് തൃശൂർ റെയിഞ്ച് ഐജി അജിത്ത് കുമാർ ഇന്നലെ പറഞ്ഞിരുന്നു,
നേരത്തെ കോയമ്പത്തൂരിൽ നിന്നാണ് ശക്തിവേലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.പമ്പാടി നെഹ്റു കോളേജിലെ വൈസ് പ്രിൻസിപ്പലാണ് ശക്തിവേൽ. കോയമ്പത്തൂരിലെ നാമക്കല്ലിൽ വച്ചാണ് എൻ.കെ ശക്തിവേലിനെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് എഡിജിപി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
മകന്റെ ദുരൂഹ മരണത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയും അമ്മാവൻ ശ്രീജിത്തും സഹോദരി അവിഷ്ണയും നടത്തി വന്ന നിരാഹാര സമരം ഇന്നലെ പിൻവലിച്ചിരുന്നു. അവിഷ്ണയെ വടകര താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉദയഭാനു ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ ധാരണയത്. മുഖ്യമന്ത്രി മഹിജയുമായി ഫോണിൽ സംസാരിച്ചു. ഇതിനെ തുടർന്നാണ് സമരം പിൻവലിക്കുന്ന സാഹചര്യം രൂപപ്പെട്ടത്. വൈകുന്നേരം അഞ്ച് മണിയോടെ ആരംഭിച്ച ഒത്തുതീർപ്പ് ചർച്ചയിൽ സമരം പിൻവലിക്കൽ പ്രഖ്യാപനം വന്നത് രാത്രി 9.15 ഓടെയാണ്. പത്ത് ഒത്തുതീർപ്പ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചിരിക്കുന്നത്. എസ്‌യുസിഐ നേതാക്കളായ ഷാജിർഖാനെയും മിനിയെയും ജയിൽ മോചിതരാക്കുന്നതുൾപ്പെടയുളള ധാരണയാണ് കരാറിലുളളതെന്ന് അറിയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.