തിരുവനന്തപുരം: പതിനെട്ടാമത് പി. കേശവദേവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ പുരസ്‌കാരത്തിനു സാഹിത്യ വിമർശകനും മാധ്യമപ്രവത്തകനുമായ ഡോ. പി.കെ രാജശേഖരനും ഡയബ് സ്‌ക്രീന്‍ കേരള പുരസ്‌കാരത്തിനു പ്രീതു നായരും അര്‍ഹരായി.
50,000 രൂപയും പ്രശസ്തിപത്രവും ബി.ഡി ദത്തന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ കേശവദേവ് ട്രസ്റ്റാണ് ഏര്‍പ്പെടുത്തിയത്. പി. കേശവദേവ് വിട്ടുപിരിഞ്ഞിട്ട് 39 വര്‍ഷം തികയുന്ന വേളയിലാണ് ഇത്തവണത്തെ പുരസ്‌കാര പ്രഖ്യാപനം.
പുരസ്‌കാരങ്ങള്‍ ജൂണ്‍ 15ന് വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരത്തെ ഹിൽട്ടൺ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വച്ച് ജേതാക്കൾക്ക് നൽകും.
ഡോ.ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനും സീതാലക്ഷ്മി ദേവ്, വിജയകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണു ഡോ. പി.കെ രാജശേഖരനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ സമഗ്രസംഭവങ്ങൾക്കും ‘ദസ്തയോവിസ്കി ഭൂതാവിഷ്ടന്റെ ഛയാപടം’ എന്ന പഠന ഗ്രന്ഥത്തിനുമാണ് പുരസ്‌കാരം.
രണ്ടു വർഷത്തിലേറെയായി കോവിഡ് മഹാമാരിയെക്കുറിച്ച് സമഗ്രമായി പഠിച്ച് പ്രസിദ്ധീകരിച്ച വാർത്തകൾക്കും ലേഖനങ്ങൾക്കുമാണ് പ്രീതു നായർക്ക് പുരസ്‌കാരം. ടൈംസ് ഓഫ് ഇന്ത്യ ഡെപ്യൂട്ടി എഡിറ്ററാണ് പ്രീതു നായർ.