/indian-express-malayalam/media/media_files/uploads/2017/01/jayarajan.jpg)
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ല സമ്മേളനത്തിൽ പി.ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇത് മൂന്നാം വട്ടമാണ് ജയരാജൻ ജില്ല സെക്രട്ടറിയാവുന്നത്. താത്കാലിക ചുമതലയടക്കം ഇതിനോടകം തുടർച്ചയായി ഏഴ് വർഷം പി.ജയരാജൻ ജില്ലാ സെക്രട്ടറി പദത്തിൽ പൂർത്തിയാക്കി.
ആറ് പുതുമുഖങ്ങളടക്കം 49 അംഗ ജില്ലാ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി വി.കെ.സിനോജിനെ ജില്ലാകമ്മിറ്റിയിൽ ഉൾപ്പെടുത്തി. കെ.കുഞ്ഞപ്പ, പി.വാസുദേവൻ എന്നിവരെ ഒഴിവാക്കി. 2010 ഡിസംബറിൽ പി.ശശിയ്ക്ക് എതിരെ സ്വീകരിച്ച അച്ചടക്കനടപടിയെ തുടർന്നാണ് പി.ജയരാജൻ ജില്ലാ സെക്രട്ടറിയായത്. 2012 ൽ പയ്യന്നൂരിലും 2015 ൽ കൂത്തുപറമ്പിലും നടന്ന ജില്ലാ സമ്മേളനങ്ങളിൽ ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
നേരത്തേ പി.ജയരാജനെതിരെ വ്യക്തിപൂജ വിവാദം ഉയർന്ന സാഹചര്യത്തിൽ അദ്ദേഹത്തെ പാർട്ടി സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തിരുന്നു. ഇതേ തുടർന്ന് ഈ സമ്മേളനത്തിൽ അദ്ദേഹം സെക്രട്ടറി സ്ഥാനത്തേക്ക് തുടർന്നേക്കില്ല എന്നും വാർത്തകളുണ്ടായിരുന്നു. ജില്ലാ സമ്മേളനത്തിൽ ജില്ല സെക്രട്ടറിക്ക് വിമർശനത്തേക്കാളേറെ പിന്തുണ ലഭിച്ചതായാണ് സൂചന.
എസ്എഫ്ഐ ജില്ല സെക്രട്ടറി, സിപിഎം ഏരിയ സെക്രട്ടറി, കൂത്തുപറമ്പിൽ നിന്ന് മൂന്നുവട്ടം എംഎൽഎ, ദേശാഭിമാനി ജനറൽ മാനേജർ തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.