കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ പരിയാരം മെഡിക്കൽ കോളേജിന് നേരെ ഇന്നലെ നടന്ന അക്രമത്തിന്റെ വീഡിയോ ദൃശ്യം സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പി.ജയരാജൻ പുറത്തുവിട്ടു. കൊല്ലപ്പെട്ട ബിജുവിന്റെ മൃതദേഹം സന്ദർശിക്കാനെത്തിയ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് മെഡിക്കൽ കോളേജിൽ രോഗിയുമായി എത്തിയ ആംബുലൻസും മെഡിക്കൽ കോളേജിന്റെ കവാടങ്ങളും തകർത്തത്.
ബിജു കൊല്ലപ്പെട്ടതിന് പിന്നാലെ പയ്യന്നൂരിൽ സിപിഎം പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തിയെന്ന പേരിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഇന്നലെ ട്വിറ്ററിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇരുട്ടിൽ ആരൊക്കെയാണ് പ്രകടനത്തിൽ ബാന്റ് കൊട്ടിയതെന്നോ നൃത്തം ചെയ്തതെന്നോ വ്യക്തമായിരുന്നില്ല. ഇവർ മുഴക്കിയ മുദ്രാവാക്യങ്ങളും വ്യക്തമായിരുന്നില്ല. ബാന്റ് മേളത്തിന്റെ അകമ്പടിയിൽ ഒരു സംഘം നടന്ന് പോകുന്നത് മാത്രമായിരുന്നു ദൃശ്യങ്ങളിൽ കാണാമായിരുന്നത്.
Read more: കണ്ണൂർ ആർഎസ്എസ് പ്രവർത്തകന്റെ കൊല: പരിയാരം മെഡിക്കൽ കോളേജിന് നേരെ ആക്രമണം
പി.ജയരാജൻ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഒരു സംഘം ആളുകൾ പരിയാരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് ഓടിവരുന്നതാണ് കാണാൻ സാധിക്കുക. ഇവരിൽ ഒരു വിഭാഗം അവിടെ നിർത്തിയിട്ട ആംബുലൻസിന് മുന്നിലേക്ക് വരുന്നതും വാതിൽ വലിച്ച തുറക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആംബുലൻസിന് അകത്ത് കയറി ശേഷം ഒരാൾ പുറത്തിറങ്ങുന്നുണ്ട്. പിന്നീട് ആംബുലൻസിന്റെ മുൻവശത്തെ ഗ്ലാസിന് നേരെ കല്ലുകൾ വന്ന് പതിക്കുന്നതാണ് കാണുന്നത്. ആരാണ് എറിയുന്നതെന്ന് വ്യക്തമല്ല.
ഇന്നലെ ബിജെപി – ആർഎസ്എസ് പ്രവർത്തകർ പരിയാരം മെഡിക്കൽ കോളേജ് ആക്രമിച്ചതായി പരിയാരം മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ ഈ കേസിൽ ആരെയും പിടികൂടിയിട്ടില്ല.