കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്ന ആരോപണം ശരിയാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിരിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കേരളത്തിന് വെളിയില്‍ അമിത് ഷായുമായി സുധാകരന്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ജയരാജന്‍ ആരോപിച്ചു. ‘സുധാകരനും ആര്‍എസ്എസും ഇരുമെയ്യാണെങ്കിലും ഒറ്റമനസാണ്.”തനിക്ക് ബിജെപിയില്‍ പോകണമെന്ന് തോന്നിയാല്‍ പോകും, മറ്റാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല” എന്നാണ് അദ്ദേഹം ഇന്നലെ ഒരു സ്വകാര്യ ചാനലില്‍ പറഞ്ഞത്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം’, ജയരാജന്‍ പറഞ്ഞു.

‘കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ബിജെപി ലക്ഷ്യമിട്ടിട്ടുണ്ട് എന്ന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. സുധാകരനെ ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടു എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അന്ന് അങ്ങനെയൊരു സംഭവമേ ഇല്ല എന്നായിരുന്നു സുധാകരന്‍റെ പ്രതികരണം. പത്ത് മാസങ്ങള്‍ക്കിപ്പുറം ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്താന്‍ കാരണങ്ങളേറെയുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള കൃത്യമായ മുന്നറിയിപ്പാണിത്. തന്നെ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെങ്കില്‍ ഞാന്‍ ബിജെപിയിലേക്ക് പോകും എന്നാണ് സുധാകരന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം’, ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

‘യുപിയിലെ മുന്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റും മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷയുമായിരുന്ന റീത്ത ബഹുഗുണ ഇന്ന് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രിയാണ്. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരും ആയിരുന്ന എന്‍.ഡി.തിവാരി, എസ്.എം. കൃഷ്ണന്‍, വിജയ ബഹുഗുണ, 5 തവണ രാജ്യസഭ എംപി ആയിരുന്ന നജ്മ ഹെപ്തുള്ള എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത കോണ്‍ഗ്രസ് നേതാക്കളാണ് സമീപകാലത്ത് ബിജെപിയില്‍ ചേര്‍ന്നത്. ത്രിപുരയില്‍ ബിജെപിക്ക് വേണ്ടി മല്‍സരിച്ച 80% സ്ഥാനാര്‍ഥികളും പഴയ കോണ്‍ഗ്രസുകാരായിരുന്നു. ഇതാണ് കോണ്‍ഗ്രസിന്‍റെ ഇന്നത്തെ അവസ്ഥ’, ജയരാജന്‍ പറഞ്ഞു.

‘കേരളത്തിലെ കോണ്‍ഗ്രസുകാരെ ബിജെപിയില്‍ ചേര്‍ക്കാനുള്ള ഏജന്‍സി പണിയാണ് സുധാകരന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. പത്ത് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന രഹസ്യ ചര്‍ച്ച അമിത് ഷായുടെ ഓഫീസില്‍ തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ്. “സ്ട്രാറ്റജിക് പൊളിറ്റിക്കല്‍ ഡവലപ്മെന്‍റ്സ് ഇന്‍ കേരള” (കേരളത്തിലെ രാഷ്ട്രീയ വികസനത്തിനുള്ള തന്ത്രപരമായ പദ്ധതി) എന്നതാണ് അമിത് ഷായുടെ ഓഫീസില്‍ രൂപപ്പെടുത്തിയ പദ്ധതിയുടെ പേര്. ഇതനുസരിച്ചാണ് സിപിഐ (എം) നെ ഫാസിസ്റ്റ് പാര്‍ട്ടിയായി മുദ്രകുത്തിക്കൊണ്ടുള്ള സുധാകരന്‍റെ പ്രചരണം. “ചുവപ്പ് ഭീകരത” എന്ന സംഘപരിവാര്‍ പ്രചാരണം സുധാകരന്‍റെ അനുയായികള്‍ ഏറ്റെടുത്തത് കോണ്‍ഗ്രസ് അണികളില്‍ സിപിഐ(എം) വിരുദ്ധ ജ്വരം പടര്‍ത്താനാണ്. അതിന്‍റെ ബലത്തില്‍ സിപിഐ (എം) നെ എതിരിടാന്‍ കോണ്‍ഗ്രസിന് ആവില്ലെന്ന തോന്നലുണ്ടാക്കുക, ഇതിന്‍റെ തുടര്‍ച്ചയായി സുധാകരന്‍റെ പിന്നില്‍ അണിനിരക്കുന്നവരെ ബിജെപിയിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുക. കോണ്‍ഗ്രസ്സില്‍ നിന്ന് കൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ബിജെപി അഖിലേന്ത്യാ നേതൃത്വം സുധാകരനോട് ആവശ്യപ്പെട്ടിട്ടുള്ളത്. അതനുസരിച്ചാണ് എടയന്നൂര്‍ കൊലപാതകത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടും സിപിഐ(എം) നെ കൊലപാതക രാഷ്ട്രീയത്തിന്‍റെ പ്രതീകമായി ചിത്രീകരിച്ച് കൊണ്ട് സുധാകരനും കൂട്ടരും നടത്തിയ പ്രചരണം’, ജയരാജന്‍ ആരോപിച്ചു.

‘എടയന്നൂര്‍ കൊലപാതകം സംബന്ധിച്ച് ഒരു പ്രത്യേക ടീം അന്വേഷിക്കണമെന്നാണ് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന് ശേഷമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുധാകരന്‍ സത്യഗ്രഹം ഇരുന്നത്. ഇത് ബിജെപിയുടെ അഖിലേന്ത്യാ നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ്. തൊട്ടടുത്ത ദിവസം ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി സുധാകരന് പിന്തുണ പ്രഖ്യാപിച്ച് സത്യാഗ്രഹ പന്തല്‍ സന്ദര്‍ശിച്ചത് ജനങ്ങള്‍ കണ്ടതാണ്. ബിജെപി തന്ത്രത്തിനനുസരിച്ചാണ് സുധാകരന്‍റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍. സുധാകരന്‍ മല്‍സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും താമര ചിഹ്നമുണ്ടായിട്ടും കൈപ്പത്തി ചിഹ്നത്തിലാണ് ആര്‍എസ്എസുകാര്‍ വോട്ട് ചെയ്യാറുള്ളതെന്ന് മുന്‍ പ്രചാരകന്‍ സുധീഷ് മിന്നി വെളിപ്പെടുത്തിയത് ഈ സാഹചര്യത്തില്‍ ഓര്‍ക്കേണ്ടതുണ്ട്’, ജയരാജന്‍ വ്യക്തമാക്കി.

‘സിപിഐ(എം) വിരുദ്ധ അപ്സ്മാരം സൃഷ്ടിച്ച് കോണ്‍ഗ്രസ് അണികളെ സംഘപരിവാരത്തിലേക്ക് ആനയിക്കാനുള്ള സുധാകരന്‍റെ നീക്കത്തെ കുറിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളത് എന്ന് അവര്‍ വ്യക്തമാക്കണം. ഏതായാലും സുധാകരന്‍റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ അദ്ദേഹം പിന്തുടരുന്ന രാഷ്ട്രീയത്തെ കുറിച്ച് കേരളീയര്‍ക്കാകെ തിരിച്ചറിയാന്‍ കഴിയുന്ന ഒരവസരം കൂടിയാണ്’, ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ