കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർഥി പി.ജയരാജനെ കൊലയാളിയെന്ന് വിളിച്ച ആര്‍എംപി നേതാവ് കെ.കെ.രമയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രമയ്‌ക്കെതിരെ കേസെടുക്കാമെന്ന് ഉത്തരവിട്ടത്. കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി. 171 ജി വകുപ്പ് പ്രകാരം കേസെടുക്കാനാണ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്.
പി.ജയരാജന്‍ കൊലയാളിയാണെന്ന പ്രസ്താവന വടകരയിലെ വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തില്‍ സ്ഥാനാർഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. രമ നടത്തിയ പ്രസ്താവനയ്ക്കെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കോടിയേരി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു.
Read: ടി.പി.ചന്ദ്രശേഖരന്റെ വീട്ടില്‍ കെ.മുരളീധരന്‍; യുഡിഎഫിന് വേണ്ടി ഇറങ്ങുമെന്ന് കെ.കെ.രമ
കോഴിക്കോട് നടന്ന ആര്‍എംപി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് പി.ജയരാജന്‍ ‘കൊലയാളി’യാണെന്ന് കെ.കെ.രമ പറഞ്ഞത്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് രമ ഉള്‍പ്പടെ ആര്‍എംപി മൂന്ന് നേതാക്കള്‍ക്കുമെതിരെ പി.ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രസ്താവനയാണെന്നും അവരെ സ്വാധീനിക്കാനുള്ളതാണെന്നുമാണ് പി.ജയരാജന്റെ ആരോപണം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് ജയരാജനെ മത്സരിപ്പിക്കാനുള്ള നീക്കം വോട്ടര്‍മാരോടുള്ള വെല്ലുവിളിയാണെന്നും ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും ആര്‍എംപി വ്യക്തമാക്കിയിരുന്നു.