കണ്ണൂര്‍: വ്യവസായി സാജൻ ജീവനൊടുക്കിയ സംഭവത്തിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമളയെ വിമര്‍ശിച്ച് സിപിഎം നേതാവ് പി. ജയരാജൻ. വേണ്ട വിധത്തിൽ ഇടപെടാൻ ചെയർപേഴ്സണു സാധിച്ചില്ല. ജനപ്രതിനിധികൾ നഗരസഭാ ഉദ്യോഗസ്ഥരെ തിരുത്തി മുന്നോട്ടു പോകേണ്ടതായിരുന്നുവെന്നും പി.കെ. ശ്യാമള വേദിയിലിരിക്കെ അദ്ദേഹം വിമർശിച്ചു. ധര്‍മശാലയില്‍ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ജയരാജന്റെ വിമർശനം.
Read More: വ്യവസായിയുടെ ആത്മഹത്യ; പി.കെ.ശ്യാമള രാജിവച്ചു
ആന്തൂരിലെ പ്രവാസിവ്യവസായി പാറയിൽ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.പി.എമ്മിനെതിരേ രൂക്ഷവിമർശനുമയർന്ന സാഹചര്യത്തിലാണ് സി.പി.എം വിശദീകരണയോഗം സംഘടിപ്പിച്ചത്. ‘കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ ഉദ്യോഗസ്ഥർക്കാണ് പൂർണഅധികാരം. ജനപ്രതിനിധികൾക്ക് ഇക്കാര്യത്തിൽ ഒരു ഇടപെടലും നടത്താനാകില്ല. എന്നാൽ ഉദ്യോഗസ്ഥർ പറയുന്നത് കേട്ട് നടക്കുകയല്ല ജനപ്രതിനിധികൾ ചെയ്യേണ്ടതെന്നും ജയരാജൻ പറഞ്ഞു.
ആന്തൂർ മുനിസിപ്പാലിറ്റിക്ക് വീഴ്ച പറ്റി. നഗരസഭാ സെക്രട്ടറി നിഷേധ നിലപാട് സ്വീകരിച്ചുവെന്ന് പാർട്ടിക്ക് മനസിലായി. അത് മറികടന്നു കാര്യങ്ങൾ ചെയ്യാൻ ചെയർപേഴ്സണോട് നിർദേശിച്ചുവെന്നും ജയരാജൻ പറഞ്ഞു. സാജന്റെ ഭാര്യ ബീന പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ ആവശ്യമായ നടപടി പാർട്ടി കൈക്കൊള്ളുമെന്നും പി.ജയരാജൻ വ്യക്തമാക്കി.