scorecardresearch

'പ്രതികാരബുദ്ധി എന്ന ആ തൊപ്പി സെന്‍കുമാറിനാണ് ചേരുക'; കോണ്‍ഗ്രസിന് ദാസ്യവേല ചെയ്തയാളാണ് മുന്‍ ഡിജിപിയെന്നും പി ജയരാജന്‍

യുഡിഎഫ് ഭരണകാലത്ത് കോണ്‍ഗ്രസ്സിന്‍റെ രാഷ്ട്രീയ ദൗത്യം ഏറ്റെടുത്ത വ്യക്തിയായിരുന്നു സെന്‍കുമാറെന്നും ജയരാജന്‍

യുഡിഎഫ് ഭരണകാലത്ത് കോണ്‍ഗ്രസ്സിന്‍റെ രാഷ്ട്രീയ ദൗത്യം ഏറ്റെടുത്ത വ്യക്തിയായിരുന്നു സെന്‍കുമാറെന്നും ജയരാജന്‍

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'പ്രതികാരബുദ്ധി എന്ന ആ തൊപ്പി സെന്‍കുമാറിനാണ് ചേരുക'; കോണ്‍ഗ്രസിന് ദാസ്യവേല ചെയ്തയാളാണ് മുന്‍ ഡിജിപിയെന്നും പി ജയരാജന്‍

കണ്ണൂര്‍: ഡിജിപി സ്ഥാനത്ത് നിന്നും തന്നെ മാറ്റിയത് പി ജയരാജന്റെ നിര്‍ദേശപ്രകാരമാകാം എന്ന ടി പി സെന്‍കുമാറിന്‍റെ ഒരു പ്രസ്താവനയ്ക്കെതിരെ ജയരാജന്‍ രംഗത്ത്. തനിക്ക് ശ്രീ ടി പി സെന്‍കുമാറിനൊട് വൈരാഗ്യമോ ദേഷ്യമോ ഇല്ലെന്ന് ജയരാജന്‍ പറഞ്ഞു. അദ്ദേഹത്തിന് തന്നോട് അത് ഉണ്ടായിരുന്നു എന്നാണ് മനസിലാക്കേണ്ടതെന്നും ജയരാജന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Advertisment

"യുഡിഎഫ് ഭരണകാലത്ത് കോണ്‍ഗ്രസ്സിന്‍റെ രാഷ്ട്രീയ ദൗത്യം ഏറ്റെടുത്ത വ്യക്തിയായിരുന്നു സെന്‍കുമാര്‍. എംഎല്‍എ എന്ന നിലക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്‍റെ ഉപദേകസമിതി അംഗമായിരുന്നു ഞാന്‍. പിന്നീട് ജയില്‍ ഉപദേശകസമിതിയില്‍ നിന്ന് നീക്കം ചെയ്തുകൊണ്ട് എനിക്കൊരു കത്ത് ലഭിച്ചു. ആ കത്തില്‍ വിഷയവിവരത്തില്‍ ജയില്‍ ഡിജിപി യുടെ റിപ്പോര്‍ട്ടില്‍ "NIL" എന്നാണ് രേഖപ്പെടുത്തിയത്. അതേ സമയം ഇന്‍റലിജന്‍സ് എഡിജിപി ആയിരുന്ന സെന്‍കുമാറിന്‍റെ റിപ്പോര്‍ട്ടില്‍ " ഉപദേശകസമിതി അംഗമെന്ന നിലയില്‍ ഞാന്‍ തുടര്‍ച്ചയായി ജയിലിലെ കൊടും ക്രിമിനലുകളെ സന്ദര്‍ശിക്കുന്നു" എന്നതാണ് ഉന്നയിക്കപ്പെട്ട ആക്ഷേപം. അന്ന് ജയില്‍ ഡിജിപി സത്യസന്ധനായ ശ്രീ അലക്സാണ്ടര്‍ ജേക്കബ്ബ് ആയിരുന്നു.അദ്ദേഹം എനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയില്ല. എന്നാല്‍ അന്നത്തെ ഇന്‍റലിജന്‍സ് മേധാവി സെന്‍കുമാര്‍ എനിക്കെതിരെ മേല്‍ ആരോപണം അടങ്ങിയ റിപ്പോര്‍ട്ട് നല്‍കിയതിന്‍റെ അടിസ്ഥാനത്തി ലാണ് എന്നെ ജയില്‍ ഉപദേശകസമിതിയില്‍ നിന്ന് നീക്കം ചെയ്തത്. ഇവിടെ കാര്യം വ്യക്തമാണ്", ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

"ശ്രീ അലക്സാണ്ടര്‍ ജേക്കബ്ബിനോട് അന്നത്തെ യുഡിഎഫ് ഭരണ നേതൃത്വം ഉപദേശകസമിതി അംഗത്വത്തില്‍ നിന്നും എന്നെ നീക്കം ചെയ്യാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ നീക്കത്തിന് എതിരായിട്ടുള്ള നിലപാടെടുത്തു എന്നാണ് ഞാന്‍ അനുമാനിക്കുന്നത്. അതേസമയം കോണ്‍ഗ്രസ്സിന്‍റെ ദാസ്യവേല ചെയ്ത ടി പി സെന്‍കുമാര്‍ എനിക്കെതിരെ വ്യാജറിപ്പോര്‍ട്ട് ഉണ്ടാക്കി എന്നുമാണ് മനസിലാക്കേണ്ടത്. ഞാന്‍ തുടര്‍ച്ചയായി ആ സമയത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചു എന്നുള്ളത് വസ്തുതയാണ്. അതാവട്ടെ വയനാട്ടിലെ 500 ലേറെ ആദിവാസി റിമാന്‍റ് തടവുകാരെ സന്ദര്‍ശിക്കാനായിരുന്നു. ഭൂമി ലഭിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള സമരത്തിന്‍റെ ഭാഗമായാണ് ആദിവാസികളെ ജയിലിലടച്ചത്. ഉടുതുണി മാത്രമായി ജയിലിലടച്ച് വസ്ത്രങ്ങളും മറ്റും നല്‍കാന്‍ വേണ്ടിയാണ് ഞാന്‍ ജയില്‍ സന്ദര്‍ശിച്ചത്," അദ്ദേഹം വ്യക്തമാക്കി.

"ആദിവാസികളെ കൊടും കുറ്റവാളികളായി ചിത്രീകരിച്ച് കോണ്‍ഗ്രസ്സിന്‍റെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കുകയായിരുന്നു സെന്‍കുമാര്‍ ചെയ്തത് എന്ന് വ്യക്തമാണ്. അദ്ദേഹത്തിന്‍റെ നടപടിക്കെതിരായ മറ്റൊരു വിമര്‍ശനം ഉയര്‍ന്നത് ടി പി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയപ്പൊഴാണ്. ആ തടവുകാരെ പുലര്‍ച്ചെയാണ് വിയ്യൂര്‍ ജയിലില്‍ എത്തിച്ചത്. അവരെ അവിടെ വെച്ച് ഭീകരമായി തല്ലിച്ചതച്ചു. ജയിലിലെ മര്‍ദ്ദനം ഇന്നത്തെ കാലത്ത് അപൂര്‍വ്വ സംഭവമാണ്. ഇത് അന്നത്തെ ജയില്‍ ഡിജിപി ടി പി സെന്‍കുമാറിന്‍റെ നിര്‍ദേശ പ്രകാരമാണെന്ന് മനസിലാക്കുന്നു. കോടതി ശിക്ഷിച്ച പ്രതികളെ ജയിലിനകത്ത് ശിക്ഷിക്കാന്‍ ഏത് നിയമമാണ് അനുശാസിക്കുന്നതെന്ന് അന്നത്തെ ജയില്‍ ഡിജിപിയായിരുന്ന സെന്‍കുമാര്‍ വ്യക്തമാക്കുമോയെന്നും ജയരാജന്‍ ചോദിച്ചു.

Advertisment

"ഇത് മാത്രമല്ല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി "പാര്‍ട്ടി കോടതി വിധി" എന്ന് വിശേഷിപ്പിച്ചു കൊണ്ട് സിപിഐഎം നേതാക്കളെ പ്രതി ചേര്‍ക്കാന്‍ നടത്തിയ ശ്രമത്തിനു ഉന്നത തലത്തില്‍ നിന്ന് നിര്‍ദേശമുണ്ടായിരുന്നു എന്നു ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്.ഒരു കേസില്‍ ആരെ പ്രതി ചേര്‍ക്കണം എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണ്.അതല്ലാതെ ഉന്നത നേതൃസ്ഥാനത്തിരി ക്കുന്ന സെന്‍കുമാറല്ലെന്നും ജയരാജന്‍ വിമര്‍ശിച്ചു.

"പല കേസുകളിലും സെന്‍കുമാര്‍ ഇങ്ങനെ നിയമവിരുദ്ധമായി നിര്‍ദേശം നല്‍കിയിരുന്നു എന്ന് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഫസല്‍ കേസിലെ വെളിപ്പെടുത്തല്‍ പോലെ ഇനിയും പലതും പുറത്ത് വരയും എന്ന് സെന്‍കുമാര്‍ മനസിലാക്കണം.അതിന് വേണ്ടി കാത്തിരിക്കുക. ഇങ്ങനെ നികൃഷ്ടവും നിയമവിരുദ്ധവുമായ നിലയില്‍ തന്‍റെ ഔദ്യോഗിക ജീവിതകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് തികട്ടല്‍ വരുന്നത് കൊണ്ടാണ് സെന്‍കുമാറിന് ഇത്തരം സംശയങ്ങള്‍ ഉണ്ടാവുന്നത്. അത്തരം സംശയങ്ങള്‍ അദ്ദേഹത്തെ വേട്ടയാടുന്നുവെങ്കില്‍ അതിന് താന്‍ ഉത്തരവാദിയല്ലെന്നും ജയരാജന്‍ പറഞ്ഞു.

ഒരു ജില്ലയിലെ പാര്‍ട്ടി സെക്രട്ടറി എന്ന നിലക്ക് തന്‍റെ വാക്കുകള്‍ മാത്രം കേട്ട് തീരുമാനമെടുക്കുന്ന മുഖ്യമന്ത്രിയാണ് സ: പിണറായി വിജയനെന്ന വാദം അദ്ദേഹം മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്ക് കടകവിരുദ്ധമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീ സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് മുഖ്യമന്ത്രിയുള്‍പ്പടെ ആരോടും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇതാണ് സത്യം. ശ്രീ സെന്‍കുമാറിനെ മാറ്റിയതിനുള്ള കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ശരിയല്ലെന്ന് തോന്നുന്ന നിലപാടുകളെ പരസ്യമായി വിമര്‍ശിക്കാറുണ്ട് എന്നാല്‍ പ്രതികാരബോധത്തോടെ ആരോടും പെരുമാറിയിട്ടില്ല എന്നാണ് എന്‍റെ ബോധ്യം. പ്രതികാരബുദ്ധി എന്ന ആ തൊപ്പി സെന്‍കുമാറിനാണ് ചേരുക", ജയരാജന്‍ പറഞ്ഞു.

P Jayarajan Tp Senkumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: