കണ്ണൂർ: കതിരൂർ മനോജ് വധക്കേസിൽ തന്നെ അഞ്ചാം പ്രതിയാക്കിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ. തന്നെ രാഷ്ട്രീയമായി വേട്ടയാടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

“കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇതിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടില്ല. ഇതിന് പിന്നിൽ ഗൂഢാലോചനയാണ്. രാഷ്ട്രീയമായി വേട്ടയാടാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം” പി.ജയരാജൻ പറഞ്ഞു.

കതിരൂര്‍ മനോജ് വധക്കേസിൽ ഇന്ന് രാവിലെയാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ജയരാജനെതിരെ യുഎപിഎ ഉൾപ്പെടെ 15 ലേറെ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ആകെ 25 പ്രതികളാണ് കുറ്റപത്രത്തിലുളളത്. ഇതിൽ 25-ാം പ്രതിയാണ് ജയരാജൻ.

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെന്ന് കുറ്റപത്രത്തിലുണ്ട്. ജയരാജനെ ആക്രമിച്ചതിലുളള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും കൊലപാതകത്തിലൂടെ കണ്ണൂരിൽ കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്. ഒന്നാം പ്രതി വിക്രമനുമായി ചേർന്ന് ജയരാജൻ ഗൂഢാലോചന നടത്തി. വിക്രമനാണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതും കൊല നടത്താനായി സംഘത്തെ സ്ഥലത്തെത്തിച്ചതും. കൊലപാതകത്തിനുശേഷം പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചത് ജയരാജനാണ്. അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും ജയരാജൻ ശ്രമിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.

2014 സെപ്റ്റംബർ ഒന്നിനാണ് ആർഎസ്എസ് നേതാവ് കെ.മനോജിനെ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. മനോജിന്റെ വാഹനത്തിനുനേരെ ബോംബെറിഞ്ഞ ശേഷം വാഹനത്തിൽനിന്നും വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ, പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനൻ എന്നിവരടക്കം 25 സിപിഎം പ്രവർത്തകരാണു കേസിലെ പ്രതികൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ