കണ്ണൂർ: നടൻ ശ്രീനിവാസനെ പരിഹസിച്ച് സിപിഎം നേതാവ് പി.ജയരാജൻ. രാഷ്ട്രീയം കൃത്യമായി മനസിലാക്കുന്ന ആളല്ല ശ്രീനിവാസനെന്ന് ജയരാജൻ പറഞ്ഞു. പഠിക്കുന്ന കാലത്ത് ശ്രീനിവാസൻ എബിവിപി പ്രവർത്തകനായിരുന്നു. പിൽക്കാലത്ത് ഇടതുപക്ഷ രാഷ്ട്രീയവുമായി സഹകരിച്ചിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു. രാഷ്ട്രീയത്തിൽ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് ശ്രീനിവാസനെന്നും ജയരാജൻ പറഞ്ഞു. എന്നാൽ, ശ്രീനിവാസന്റെ അഭിനയത്തെ കുറിച്ച് തനിക്ക് നല്ല അഭിപ്രായമാണെന്നും അദ്ദേഹത്തിന്റെ അഭിനയം താൻ ആസ്വദിക്കാറുണ്ടെന്നും ജയരാജൻ പറഞ്ഞു.
ഇന്നലെയാണ് താൻ ട്വന്റി 20 യുമായി ചേർന്നുപ്രവർത്തിക്കുകയാണെന്ന് ശ്രീനിവാസൻ പ്രഖ്യാപിച്ചത്. കഷ്ടപ്പെടുന്നവർക്ക് എന്തെങ്കിലും നന്മ ചെയ്യാൻ കഷ്ടപ്പെടുന്ന പ്രസ്ഥാനമാണ് ട്വന്റി 20 എന്നും ഇത് കേരളം ഭരിക്കുന്നകാലം വരുമെന്നും ശ്രീനിവാസൻ പറഞ്ഞു.
Read Also: ‘അതിനിപ്പോ ഞാൻ എന്ത് ചെയ്യണം;’ ശ്രീനിവാസന്റെ വെളിപ്പെടുത്തലിന് കൂളായി മറുപടി നൽകി മമ്മൂട്ടി
സമ്പത്തില്ലാത്തവന്റെ കൈയിൽ അധികാരവും സമ്പത്തും ഒരുമിച്ച് വരുമ്പോൾ വഴിതെറ്റുകയാണ്. നിലവിലെ രാഷ്ട്രീയത്തിൽ ഒരു പ്രതീക്ഷയുമില്ല. അരവിന്ദ് കെജ്രിവാൾ ഡൽഹിയിൽ നടത്തിയതുപോലുള്ള പരീക്ഷണമാണ് ഇവിടെയും നടത്തുന്നത്. 15 വർഷം മുമ്പ് പിണറായി വിജയന്റെ ഉപദേശപ്രകാരമാണ് നടുവേദനയ്ക്ക് ചികിത്സിക്കാൻ കിഴക്കമ്പലത്ത് സാബു ജേക്കബിന്റെ പിതാവ് എം.സി.ജേക്കബ് വൈദ്യനെ കാണുന്നത്. ട്വന്റി 20 യിൽ ചേരുന്നത് പിണറായിക്ക് എതിരായതുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.