തൊടുപുഴ: ഗതാഗതക്കുരുക്കില്‍ മനുഷ്യര്‍ക്കു റോഡ് മുറിച്ചു കടക്കാന്‍ മേൽപ്പാലം നിര്‍മിക്കുന്നത് സാധാരണമാണ്. എന്നാല്‍ വാഹനങ്ങള്‍ മൂലം റോഡു മുറിച്ചുകടക്കാന്‍ ബുദ്ധിമുട്ടുന്ന മൃഗങ്ങളെ സഹായിക്കാന്‍ മേൽപ്പാലം നിര്‍മിച്ചിരിക്കുകയാണ് ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ വനപാലകര്‍.

fly over

ചിന്നാർ വന്യജീവി സങ്കേതിത്തിൽ മേൽപ്പാല നിർമ്മാണം നടത്തുന്ന ജീവനക്കാർ

ചാമ്പല്‍ മലയണ്ണാനും ഹനുമാന്‍ കുരങ്ങുകളും നക്ഷത്ര ആമകളും ഉള്‍പ്പടെയുള്ള നിരവധി അപൂര്‍വ ഇനത്തില്‍പ്പെട്ട ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമായ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂടെയാണ് മറയൂര്‍-ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാത കടന്നു പോകുന്നത്. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പാതയിലൂടെയാണ് പ്രധാനമായും കുരങ്ങുകള്‍ ഉള്‍പ്പടെയുള്ളവ റോഡുമുറിച്ചു കടക്കുന്നത്. മുന്‍പ് ചിന്നാറില്‍ കാണപ്പെടുന്ന ചാമ്പല്‍ മലയണ്ണാനുകള്‍ക്ക് റോഡ് മുറിച്ചു കടക്കാനായാണ് മുള ഉപയോഗിച്ചു നിര്‍മിച്ച മേൽപ്പാലങ്ങൾ മരങ്ങള്‍ക്കു തമ്മിൽ ബന്ധപ്പെടുത്തി നിർമ്മിച്ചത്. എന്നാല്‍ ഹനുമാന്‍ കുരങ്ങുകളും മറ്റ് ഇനത്തില്‍പ്പെട്ട കുരങ്ങന്‍മാരും ഇത്തരം മേൽപ്പാലങ്ങൾ ഉപയോഗിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൂടുതല്‍ മേൽപ്പാലങ്ങൾ നിര്‍മിക്കാന്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി പ്രസാദ് ചിന്നാറിലെ വനപാലകര്‍ക്കു നിര്‍ദേശം നല്‍കിയത്.

പുതുതായി കരിമുട്ടി മുതല്‍ ചിന്നാര്‍ വരെയുള്ള അഞ്ചിടങ്ങളിലായാണ് ചിന്നാര്‍ വന്യജീവി സങ്കേതം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡനായ പി എം പ്രഭുവിന്റെ നേതൃത്വത്തില്‍ മേൽപ്പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ധാരാളമായി കാണപ്പെടുന്ന ഹനുമാന്‍ കുരങ്ങുകള്‍ സാധാരണയായി മനുഷ്യരുമായോ മറ്റ് ഇനങ്ങളില്‍പ്പെട്ട കുരങ്ങുകളുമായോ ഇടപഴകാന്‍ സാധാരണയായി താല്‍പര്യം പ്രകടിപ്പിക്കുന്നവയല്ല.

കൂട്ടമായി റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനങ്ങള്‍ തട്ടി കൊല്ലപ്പെടാനുളള സാധ്യത കൂടുതലാണ്. ഇത് സംഭവിക്കുന്നത് തടയുന്നതിനാണ് മേൽപ്പാലങ്ങൾ നിര്‍മിച്ചിരിക്കുന്നത്. മുളയും അലുമിനിയം കമ്പികളും ഉപയോഗിച്ച് വളരെ ഉറപ്പോടെ നിര്‍മിച്ചിട്ടുള്ള മേൽപ്പാലങ്ങളുടെ സേവനം കുരങ്ങുകൾ  ഉള്‍പ്പടെയുള്ള പല ജീവികളും  പ്രയോജനപ്പെടുത്താന്‍ തുടങ്ങിയതിന്റെ സന്തോഷത്തിലാണ് മൂന്നാറിലെ വനപാലകര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ