ആമസോണില്‍ ഹൊറര്‍ ടോപ്‌ ടെന്നില്‍ ഒരുപാട് ഇംഗ്ലീഷ് പുസ്തകങ്ങളെ മറികടന്ന് ഒരു മലയാളം നോവല്‍ മുന്‍ നിരയില്‍ എത്തിയിരിക്കുന്നു. ആലപ്പുഴ സ്വദേശിയായ അഖില്‍ പി ധര്‍മജന്‍ എഴുതിയ ” ഓജോ ബോര്‍ഡ് ” എന്ന പുസ്തകമാണ് ഈ നേട്ടം കൈവരിച്ചത്. അതോടൊപ്പം മറ്റൊരു വലിയ വാര്‍ത്തയും കൂടിയുണ്ട് . പ്രശസ്ത സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ഓജോ ബോര്‍ഡ് സിനിമയാക്കുന്നതിനുള്ള അവകാശം അഖിലില്‍ നിന്നും വാങ്ങി കഴിഞ്ഞു. അഖിലിന്റെ നോവൽ  ആമസോണിൽ ഇപ്പോൾ എട്ടാം സ്ഥാനത്താണ്.

2012 ല്‍ സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലില്‍ ആണ് അഖില്‍ ഓജോ ബോര്‍ഡ് എഴുതി പോസ്റ്റ്‌ ചെയ്തു തുടങ്ങിയത് .അധികം ആരും ശ്രദ്ധിക്കുന്നില്ല എന്ന്  കണ്ടപ്പോള്‍ കഥ എന്ന പേരില്‍ ഒരു പേജ് തുടങ്ങി .അങ്ങനെ ഓജോ ബോര്‍ഡിനു ഒരുപാട് വായനക്കാരുണ്ടായി .പിന്നീട് നോവല്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങി . പുസ്തകപ്രകാശനവും വ്യത്യസ്തമായ രീതിയില്‍ ആയിരുന്നു .ആലപ്പുഴയിലെ ചുടുകാട്ടില്‍ വെച്ചാണ് ഹൊറര്‍ പാശ്ചാത്തലത്തില്‍ എഴുതിയ നോവല്‍ ആരാധകരുടെ കൈകളിലേക്ക് എത്തിയത് .വെള്ള ഫ്രോക്ക് അണിഞ്ഞു ഒരു പരേതാത്മാവിന്റെ രൂപത്തില്‍ എത്തിയ പെണ്‍കുട്ടിയാണ് പുസ്തകവുമായി വേദിയില്‍ എത്തിയത്.

Read More: ആക്രിക്കടയിൽ അവസാനിച്ച സസ്പെൻസ്, ആമസോണിൽ ഒന്നാമതായി ഓജോ ബോർഡ്

ആവശ്യക്കാര്‍ക്ക് വേണ്ടവിധം എത്തിച്ചു നല്‍കാന്‍ ആദ്യത്തെ പ്രസാധകനു കഴിയാതെ വന്നപ്പോള്‍ എഴുത്തുകാരന്‍ തന്നെ പ്രസാധകനാവാന്‍ തീരുമാനിച്ചു .കഥ പബ്ലിക്കേഷന്‍ എന്ന പേരില്‍ സ്വന്തമായി സ്ഥാപനം രജിസ്ടര്‍ ചെയ്തു .ഐ എസ് ബി എന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആറു മാസത്തോളം താമസം ഉണ്ടായി .കടം വാങ്ങിയും മറ്റും ആദ്യ എഡിഷന്‍ അച്ചടിച്ചു . ഫേസ്ബുക്ക് കൂട്ടായ്മകളിലൂടെ നടത്തിയ പ്രചാരണത്തിലൂടെ മികച്ച പിന്തുണ വായനക്കാരില്‍ നിന്നുണ്ടായി .പിന്നീടാണ് ആമസോണില്‍ പുസ്തകം വില്‍പ്പനയ്ക്ക് നല്‍കിയത് .അതിനൊപ്പം സ്വന്തമായും വിതരണം ചെയ്തു .

ഓജോ ബോർഡിന് ആമസോണിലെ കസ്റ്റമർ റേറ്റിങ്ങിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങ് കിട്ടിയിട്ടുണ്ട്. മലയാളത്തിലെ മികച്ച ന്യൂജനറേഷൻ നോവലാണ്, മിസ്റ്ററി ത്രില്ലർ ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം, വായിക്കാൻ പ്രേരിപ്പിക്കുന്ന കഥാ തന്തു എന്നെല്ലാമുളള വായനക്കാരുടെ അഭിപ്രായങ്ങൾ ഈ  നോവൽ സംബന്ധിച്ച് വആമസോണിൽ വന്നിട്ടുണ്ട്.

akhil, novelist, novel, jude antony,

അഖിലും ജൂഡ് ആന്റണിയും ഓജോ ബോർഡ് നോവലുമായി

ഏഴില്‍ എഴുത്ത് തുടങ്ങിയ നോവലിസ്റ്റ്

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അഖില്‍ എഴുത്ത് തുടങ്ങുന്നത് .സസ്പെന്‍സ് എന്ന് പേരിട്ട ആ കഥ വായിച്ചിരുന്നത് അഭിജിത്ത് എന്ന ഒരു കൂട്ടുകാരന്‍ മാത്രമാണ് .ഓരോ ദിവസവും അഖില്‍ എഴുതുന്നത്‌ വായിക്കാനുള്ള അഭിജിത്തിന്റെ കാത്തിരിപ്പാണ് കൂടുതല്‍ എഴുതാന്‍ പ്രേരണ നല്‍കിയത് .തന്നെ ആദ്യം പ്രോത്സാഹിപ്പിച്ചത് ആ കൂട്ടുകാരന്‍ ആയിരുന്നു എന്ന്‍ അഖില്‍ .

അപരിചിതന്‍ എന്ന മമ്മൂട്ടി ചിത്രം ഇറങ്ങിയതിനു ശേഷം കേരളത്തില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട വിഷയം ആയിരുന്നു ഓജോ ബോര്‍ഡ് . അതിനോടുള്ള ആളുകളുടെ കൗതുകം ആണ് ഓജോബോര്‍ഡ് എന്ന പേരിലെ നോവല്‍ ഉണ്ടാകുന്നതിനു പിന്നിലെ കാരണം .

“കാനഡയില്‍ ഒരു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ടറായ അലക്സ്‌ പ്രേതവിഷയങ്ങളെപ്പറ്റി ഒരു സ്റ്റോറി ചെയ്യുവാനായി കേരളത്തിലേക്ക് വരുന്നു. കേരളത്തിലെത്തുന്ന ദിവസം അയാള്‍ പാര്‍ക്കില്‍ വച്ച് ബിനോയ്‌ എന്ന ഒരു യുവാവുമായി പരിചയപ്പെടുന്നു. സംഭാഷണത്തിനിടയില്‍ അലക്സ് താമസിക്കാന്‍ വാടകയ്ക്കെടുത്ത വീടിന്‍റെ മുന്‍കാല കഥകളെക്കുറിച്ചും അത് താമസയോഗ്യമല്ലെന്നും ബിനോയ്‌ താക്കീത് ചെയ്യുന്നു. അത് വകവയ്ക്കാതെ നേരമിരുട്ടുമ്പോള്‍ പാര്‍ക്കില്‍നിന്നും അലക്സ് ആ വീട്ടിലേക്കുതന്നെ മടങ്ങിപ്പോകുന്നു ” ഇതാണ് നോവലിലെ ഉളളടക്കം

ബി .എ ഇംഗ്ലീഷ് ബിരുദ ധാരിയും മെക്കാനിക്കല്‍ എൻജിനിയറിങ് ,ഫിലിം മേക്കിങ് എന്നിവയിൽ ഡിപ്ലമോയും ഉള്ള അഖില്‍ ആലപ്പുഴ സ്വദേശിയാണ് . ധര്‍മജന്റെയും മഹേശ്വരിയുടെയും മകനാണ് .ജൂഡ് ആന്റണി ചിത്രം വൈകാതെ ഉണ്ടാകും എന്ന്‍ പ്രതീക്ഷിക്കുന്ന അഖില്‍

ഇപ്പോള്‍ മറ്റൊരു ചിത്രത്തിന്‍റെ തിരക്കഥയില്‍ ആണ് .മെര്‍ക്കുറി ഐലന്റ് എന്ന പേരില്‍ മറ്റൊരു നോവലും എഴുതിയിട്ടുണ്ട്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ