കോഴിക്കോട്: ഇതര സംസ്ഥാനക്കാരായ ഹോട്ടൽ തൊളിലാളികൾക്കുനേരെ അക്രമം നടക്കുന്നുവെന്ന വ്യാജ പ്രചാരണത്തെ തുടർന്ന് കോഴിക്കോടുനിന്നും മടങ്ങിയ തൊഴിലാളികളുടെ എണ്ണം 600 കടന്നു. വ്യാജസന്ദേശത്തിനൊപ്പം മർദനമേറ്റവരുടേതെന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങളും കണ്ട് ഭയപ്പെട്ടാണ് തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നത്. പലരും തൊഴിലുടമയിൽനിന്നും കൂലി പോലും വാങ്ങാതെയാണ് നാട്ടിലേക്ക് മടങ്ങുന്നത്.

കഴിഞ്ഞ വെളളിയാഴ്ച മുതലാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ കേരളത്തിൽ മർദനം നടക്കുന്നുവെന്ന പേരിൽ വ്യാജ സന്ദേശം പ്രചരിക്കാൻ തുടങ്ങിയത്. ഇതോടെയാണ് ഭയം മൂലം തൊഴിലാളികൾ കേരളം വിടാൻ തുടങ്ങിയത്. തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയതോടെ കോഴിക്കോട് മൂന്നു ഹോട്ടലുകൾ അടച്ചിടേണ്ടി വന്നു. കൊൽക്കത്ത സ്വദേശികളാണ് മടങ്ങിപ്പോയവരിൽ കൂടുതലും. ഇതോടെ കോഴിക്കോട് ജില്ലാ കലക്ടർ യു.വി.ജോസ് തൊഴിലാളികളുടെ അടിയന്തര യോഗം വിളിച്ചു കൂട്ടി.

തൊഴിലാളികൾക്ക് പൂർണ സംരക്ഷണം നൽകുമെന്ന് കലക്ടർ ഉറപ്പു നൽകി. കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ആശങ്കപ്പെടേണ്ടതില്ലെന്നും കേരളം എല്ലാവർക്കും സുരക്ഷിതമാണെന്നും പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.