കൊച്ചി: കേരളത്തിന് പുറത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ സംസ്ഥാനത്ത് സ്ഥിരമായി ഓടുന്നുണ്ടെങ്കിൽ നികുതി നൽകണമെന്ന് ഹൈക്കോടതി. പോണ്ടിച്ചേരി രജിസ്ട്രേഷൻ വാഹനങ്ങൾക്ക് കേരളത്തിൽ ഒറ്റത്തവണ നികുതി ചുമത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.

കേരളത്തിനു പുറത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് നികുതി ഈടാക്കാനുള്ള 2018 ലെ നിയമ ഭേദഗതി കോടതി
ശരിവെച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിധി. വാഹനങ്ങൾ 30 ദിവസത്തിൽ കൂടുതൽ കേരളത്തിൽ ഓടിയാൽ (ലൈഫ്ടൈം ടാക്സിൽ) 15 ൽ ഒരു വർഷത്തെ നികുതി ഈടാക്കാം. വാഹനം കേരളത്തിൽ ഓടുന്നില്ലന്ന് ഉറപ്പാക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തമാണന്നും കോടതി വ്യക്തമാക്കി. വാഹനം ഇവിടെ
ഓടുന്നില്ലന്ന് തെളിയിച്ചാൽ നികുതി ഒടുക്കേണ്ടതില്ല കോടതി വ്യക്തമാക്കി.

ഒറ്റത്തവണ നികുതി ഒടുക്കിയില്ലങ്കിൽ രജിസ്ടേഷൻ റദ്ദാക്കുമെന്ന് കാണിച്ച് ആർ.ടി.ഒ മാർ അയച്ച നോട്ടീസ്
കോടതി റദ്ദാക്കി. രജിസ്ട്രേഷൻ റദ്ദാക്കാൻ അതു നൽകിയ അധികാരികൾക്ക് മാത്രമേ അവകാശമുള്ളു എന്നും കോടതി ചൂണ്ടിക്കാട്ടി. വ്യാജ രേഖ ചമച്ചാണ് രജിസ്ട്രേഷൻ സമ്പാദിച്ചതെങ്കിൽ അക്കാര്യം ചുണ്ടിക്കാട്ടി രജിസ്ട്രേഷൻ റദ്ദാക്കാൻ സംസ്ഥാനത്തിന് ആവശ്യപ്പെടാം. പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് അധിക നികുതി ആവശ്യപ്പെട്ട് ആർ.ടി.ഒമാർ അയച്ച നോട്ടീസ് ചോദ്യം ചെയ്ത് എൺപതിൽ അധികം വാഹന ഉടമകൾ സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്.

നികുതി അടയ്ക്കാൻ ആവശ്യപ്പെട്ട് ആർ.ടി.ഒമാർക്ക് നോട്ടീസ് അയക്കാമെന്നും നാല് ആഴ്ചക്കകം നടപടി പുർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. തെളിവെടുപ്പിൽ ഉടമകൾക്ക് വാഹനം ഇവിടെ ഓടുന്നില്ലങ്കിൽ അക്കാര്യം ബോധ്യപ്പെടുത്താം. പോണ്ടിച്ചേരി രജിസ്ട്രേഷൻ വാഹനങ്ങൾ 20 ലക്ഷത്തിൽ അധികം വില വരുന്നതാണങ്കിൽ 15 ശതമാനം നികുതി അടക്കണമെന്നായിരുന്നു ആർ.ടി.ഒമാരുടെ സർക്കുലർ. നികുതി ഒറ്റത്തവണ തീർപ്പാക്കാൻ 2018ലെ ബജറ്റിൽ സർക്കാർ നിർദ്ദേശം അവതരിപ്പിച്ചിരുന്നു. നടൻമാരായ സുരേഷ് ഗോപി, ഫഹദ് ഫാസിൽ ,നടി അമല പോൾഎന്നിവർ കേസുമായി എത്തിയെങ്കിലും പിന്നീട് നികതിയടച്ച് തർക്കം ഒത്തുതീർപ്പാക്കിയിരുന്നു .

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.