scorecardresearch
Latest News

ഇതര സംസ്ഥാനങ്ങളിൽ നിന്നു മടക്കം: രജിസ്ട്രേഷൻ ജാഗ്രതാ പോർട്ടലില്‍ മാത്രം

മറ്റു സംസ്ഥാനങ്ങളുടെ യാത്രാനുമതി പ്രത്യേകം വെബ്സൈറ്റുകൾ വഴി

ഇതര സംസ്ഥാനങ്ങളിൽ നിന്നു മടക്കം: രജിസ്ട്രേഷൻ ജാഗ്രതാ പോർട്ടലില്‍ മാത്രം
ഇതര സംസ്ഥാനത്തു നിന്ന് വാളയാർ ചെക്ക്പോസ്റ്റ് വഴി കേരളത്തിലേക്ക് എത്തുന്ന വാഹനവും യാത്രാ രേഖകളും പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിക്കുന്നു. ഫൊട്ടോ: പിആർഡി

തിരുവനന്തപുരം: കോവിഡ്-19 ലോക്ക്ഡൗണിൽ മറ്റു സംസ്ഥാനങ്ങളിൽ പെട്ടുപോയ  മലയാളികളുടെ മടക്കയാത്രയ്ക്ക് ഇനി പാസുകള്‍  അനുവദിക്കുക കോവിഡ് ജാഗ്രതാ പോര്‍ട്ടലിലൂടെ മാത്രം. തിരിച്ചുവരുന്നതിനായി നോര്‍ക്കയില്‍ ഇനി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും ഡിജിറ്റല്‍ പാസിനായി http://www.covid19jagratha.kerala.nic.in എന്ന പോര്‍ട്ടലില്‍ അപേക്ഷിക്കാം.

നോര്‍ക്ക രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്കു രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ജാഗ്രതാ പോര്‍ട്ടലിലെ പബ്ലിക് സര്‍വീസ് ഓപ്ഷനില്‍ ഡൊമസ്റ്റിക് റിട്ടേണീസ് പാസിനായും അല്ലാത്തവര്‍ക്ക് എമര്‍ജന്‍സി ട്രാവല്‍ പാസിനായും അപേക്ഷിക്കാം. ബന്ധപ്പെട്ട കലക്ടര്‍മാര്‍രാണു പാസ് അനുവദിക്കുക.

Read More | മറ്റു ജില്ലകളിലേക്ക് യാത്ര: പാസ് ലഭിക്കാനുള്ള നിബന്ധനകൾ; അറിയേണ്ടതെല്ലാം

മൊബെല്‍ നമ്പര്‍, വാഹന നമ്പര്‍, സംസ്ഥാനത്തേക്കു കടക്കുന്ന ചെക്ക് പോസ്റ്റ്, അവിടെ എത്തിച്ചേരുന്ന സമയം തുടങ്ങിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. ഓരേ വാഹനത്തില്‍ യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളെയോ അല്ലാത്തവരെയോ ഉള്‍പ്പെടുത്തി ഗ്രൂപ്പ് തയാറാക്കി അതിന്റെ വിവരങ്ങളും നല്‍കണം.

വിവിധ ജില്ലകളില്‍ എത്തേണ്ടവര്‍ ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യമുണ്ട് . ഇതിനായി ജില്ലാ തല ഗ്രൂപ്പുകള്‍ ഉണ്ടാക്കി ഓരോ ഗ്രൂപ്പിനും വാഹന നമ്പര്‍ നല്‍കണം. കലക്ടര്‍മാര്‍ അപേക്ഷാ പരിശോധിച്ച് അപേക്ഷകന്റെ മൊബൈല്‍ ഫോണ്‍, ഇ- മെയില്‍ എന്നിവ വഴിയാണു പാസുകള്‍ ലഭ്യമാക്കുക. യാത്രാനുമതി ലഭിച്ചവര്‍ക്കു നിര്‍ദിഷ്ട ദിവസം യാത്ര തിരിക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിനടുത്ത ദിവസങ്ങളില്‍ വരാന്‍ തടസമില്ല.

സാമൂഹിക അകലം നിര്‍ബന്ധം

വാഹനങ്ങളില്‍ സാമൂഹിക അകലം പാലിക്കല്‍ നിര്‍ബന്ധമാണ്. അഞ്ച് സീറ്റുള്ള വാഹനത്തില്‍ നാലും ഏഴു സീറ്റുള്ള വാഹനത്തില്‍ അഞ്ചും വാനില്‍ പത്തും ബസില്‍ ഇരുപത്തിയഞ്ചും പേര്‍ക്കാണു യാത്രാനുമതി ലഭിക്കുക. ചെക്ക് പോസ്റ്റ് വരെ വാടകവാഹനത്തില്‍ വരുന്നവര്‍ സംസ്ഥാനത്ത് യാത്ര ചെയ്യാനുള്ള വാഹന ക്രമീകരണം സ്വയം ഏര്‍പ്പെടുത്തണം. ഇത്തരം വാഹനങ്ങളില്‍ ഡ്രൈവറെ മാത്രമേ അനുവദിക്കൂ.

ചെക്ക് പോസ്റ്റിലേക്ക് ആളുകളെ കയറ്റാന്‍ പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് എമര്‍ജന്‍സി പാസ് വാങ്ങണം. യാത്രയ്ക്കു ശേഷം ഹോം ക്വാറന്റൈനില്‍ പോകുകയും വേണം. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കുള്ള മടക്കയാത്രാ പാസ് അതതു കലക്ടര്‍മാര്‍ വഴിയാണു ലഭ്യമാക്കുക.

Read More | ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം ഇല്ല, പ്രവാസികളെ ഉടൻ വീട്ടിലേക്ക് വിടില്ല; മുഖ്യമന്ത്രി പറഞ്ഞത്

ചെക്ക് പോസ്റ്റിലെത്തുന്നവര്‍ മെഡിക്കല്‍, എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകളുടെ പരിശോധനയ്ക്കു വിധേയമാകണം. ഇതിനായി യാത്രാ പെര്‍മിറ്റുകള്‍ കയ്യിലോ മൊബൈലിലോ കരുതണം. എല്ലാ യാത്രക്കാരും കോവിഡ്-19 ജാഗ്രതാ മൊബൈല്‍ ആപ്പ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. രോഗലക്ഷണങ്ങളുള്ളവരെ തൊട്ടടുത്ത കോവിഡ് സെന്ററിലേക്കോ ആശുപത്രിയിലേക്കോ മാറ്റും. അല്ലാത്തവരെ വീട്ടുനിരീക്ഷണത്തില്‍ വിടും.

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ ബന്ധുക്കളെ കൊണ്ടുവരാന്‍ പോകുന്നവര്‍ക്കു യാത്രയ്ക്കും തിരിച്ചുവരാനുമുള്ള പാസുകള്‍ യാത്രക്കാരുടെ ജില്ലയിലെ കലക്ടറാണു നല്‍കേണ്ടത്. ഇവര്‍ ക്വാറന്റൈന്‍ നടപടി ക്രമങ്ങള്‍ പാലിക്കുകയും പോകാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ചുമതലയുള്ള കലക്ടറുടെ അനുമതി വാങ്ങുകയും വേണം.

മറ്റു സംസ്ഥാനങ്ങളുടെ യാത്രാനുമതി ലഭിക്കാൻ

വിവിധ സംസ്ഥാനങ്ങളില്‍നിന്ന് യാത്രാനുമതി വാങ്ങാന്‍ സംവിധാനങ്ങളായിട്ടുണ്ട്. ഇതിനായി അപേക്ഷിക്കേണ്ട ലിങ്കുകള്‍:

കര്‍ണാടക -https://sevasindhu.karnataka.gov.in/sevasindhu/English
തമിഴ്നാട്-https://tnepass.tnega.org
ആന്ധ്രാപ്രദേശ്- http://www.spandana.ap.gov.in
തെലങ്കാന- dgphelpline-coron@tspolicegov.in
ഗോവ- http://www.goaonline.gov.in ( ഹെൽപ് ഡെസ്ക് നമ്പർ: 08322419550)

യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ അതതു ചെക്ക് പോസ്റ്റുകളുമായോ സെക്രട്ടേറിയറ്റിലെ വാര്‍ റൂമുമായോ (0471-2781100,2781101) ബന്ധപ്പെടാം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Other state malayali return pass through covid 19 jagratha kerala portal

Best of Express