ന്യൂഡൽഹി: ഒരു അഡാറ് ലവ് സിനിമയിലെ ‘മാണിക്യ മലരായ പൂവി’ ഗാനത്തിനെതിരെ കേസ്സെടുക്കരുതെന്ന് സുപ്രീംകോടതി. നിലവിൽ റജിസ്റ്റർ ചെയ്തിരുന്ന എഫ്ഐആറിലെ തുടർ നടപടികൾ കോടതി സ്റ്റേ ചെയ്തു. ഇനി ഒരിടത്തും പാട്ടിനതിരെ കേസ്സെടുക്കരുതെന്നും കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിൽ കോടതി പിന്നീട് വിശദമായ വാദം കോൾക്കും. സിനിമയുടെ സംവിധായകൻ ഒമർ ലുലുവും നടി പ്രിയ വാര്യരും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസിന് എതിരെയാണ് പ്രിയ വാര്യരും സംവിധായകൻ ഒമർ ലുലുവും സുപ്രീം കോടതിയെ സമീപിച്ചത്. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് മുസ്‌ലിം സംഘടനയിലെ കുറച്ചുപേര്‍ നല്‍കിയ പരാതിയില്‍ തെലങ്കാന പൊലീസ് കേസെടുത്തിരുന്നു. ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി നല്‍കിയത്.

ഗാനത്തിന്റെ അര്‍ത്ഥം ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന് ശേഷമാണ് പരാതി നല്‍കിയതെന്ന് ഇവര്‍ പറയുന്നു. ഗാനത്തില്‍ പ്രവാചകനേയും മതത്തേയും അവഹേളിക്കുന്ന തരത്തിലാണ് ചിത്രീകരണം നടത്തിയിട്ടുളളതെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. കേരളത്തിലും ചിത്രത്തിലെ പാട്ടിനെതിരെ വിദ്വേഷ പ്രചരണം നടന്നിരുന്നു. പ്രവാചകനെ കുറിച്ച് പരാമര്‍ശിക്കുന്ന ഗാനത്തിന് അവഹേളിക്കുന്ന തരത്തിലാണ് പശ്ചാത്തലം നല്‍കിയതെന്നാണ് ഇവരുടെ ആരോപണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ