കൊച്ചി: ഓർത്തഡോക്‌സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത (80) അപകടത്തിൽ മരിച്ചു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനും സൗത്ത് റെയിൽവേ സ്റ്റേഷനും ഇടയ്ക്കുളള പുല്ലേപ്പടിയ്ക്ക് സമീപത്തുവച്ച് ട്രെയിനിൽനിന്ന് വീണാണ് അപകടം.

ഗുജറാത്തിലെ ബറോഡയിൽനിന്ന് മടങ്ങിവരവെ പുലർച്ചെ 5.30 ഓടെയാണ് അപകടമുണ്ടായത്. എറണാകുളത്ത് ഇറങ്ങുന്നതിനായി വാതിലിനു സമീപം നിൽക്കുകയായിരുന്നു. ഈ സമയം വാതിൽ പുറകിൽ വന്നിടിക്കുകയും അദ്ദേഹം പുറത്തേക്ക് തെറിച്ചു വീഴുകയും ആയിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം. ഭൗതിക ശരീരം എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സഭയുടെ നിരവധി സ്ഥാപനങ്ങൾ ബറോഡയിലുണ്ട്. ഇതിന്റെയൊക്കെ ചുമതല തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്തയ്ക്ക് ആയിരുന്നു. വിദ്യാഭ്യാസ ആവശ്യത്തിനായാണ് അദ്ദേഹം ബറോഡയിലേക്ക് പോയതെന്നാണ് വിവരം.

മലങ്കര ഓർത്തഡോക്സ് സഭയുടെ മുതിർന്ന മെത്രാപ്പൊലീത്തമാരിലൊരാളാണ്. ഓർത്തഡോക്സ് സഭ സിനഡിന്റെ സെക്രട്ടറിയായി ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലകളിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം കൂടുതലും. സഭയുടെ സ്കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അമരക്കാരനാണ്.

സഭയുടെ ശക്തികേന്ദ്രമായ ചെങ്ങന്നൂരിൽ നിർണായക സ്വാധീനമുളള വ്യക്തിയാണ് തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത. അപ്രതീക്ഷിതമായുണ്ടായ അദ്ദേഹത്തിന്റെ വിയോഗ വാർത്ത ചെങ്ങന്നൂർ നിവാസികൾക്കും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.