കൊച്ചി: കുമ്പസാര രഹസ്യം മറയാക്കി യുവതിയെ പീഡിപ്പിച്ച കേസിൽ വിശദീകരണവുമായി ഒന്നാം പ്രതി എബ്രഹാം വർഗ്ഗീസ്. യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഫാ.എബ്രഹാം വിശദീകരണം നൽകിയത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് യുട്യൂബിലൂടെ പുറത്തുവിട്ട വീഡിയോയിൽ അദ്ദേഹം പറയുന്നു. എബ്രഹാം വർഗ്ഗീസിനായുളള ക്രൈംബ്രാഞ്ച് തിരച്ചിൽ നടക്കുന്നതിനിടെയാണ് യുട്യൂബിലൂടെ വീഡിയോ പുറത്തുവന്നിട്ടുളളത്.

ബലാത്സംഗം നടന്നുവെന്ന് പറയുന്ന തീയതികളിലൊന്നും സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് എബ്രഹാം വർഗ്ഗീസ് വീഡിയോയിൽ പറയുന്നു. താൻ ബലാത്സംഗം ചെയ്തുവെന്ന് യുവതി ആരോപിക്കുന്ന സമയത്ത് ആന്ധ്രപ്രദേശിൽ വൈദിക പഠനത്തിലായിരുന്നു. 16-ാം വയസ്സിൽ ബലാത്സംഗം ചെയ്തുവെന്ന് പറയുന്ന സമയത്തും കോട്ടയത്ത് വൈദിക പഠനത്തിലായിരുന്നു. യുവതിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വീഡിയോയിൽ എബ്രഹാം വർഗ്ഗീസ് വ്യക്തമാക്കി. മാത്രമല്ല യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. യുവതിയുടെ കുടുംബത്തെ അപമാനിക്കുന്ന തരത്തിലുളള പ്രസ്താവനയും എബ്രഹാം വർഗ്ഗീസ് വീഡിയോയിൽ നടത്തിയിട്ടുണ്ട്.

താൻ ഒളിവിലാണെന്ന ആരോപണങ്ങളെയും വീഡിയോയിൽ എബ്രഹാം വർഗ്ഗീസ് നിഷേധിച്ചു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതു മുതൽ സ്ഥലത്തുണ്ട്. മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിക്കാനുളള തിരക്കിനിടയിലാണ് സംഭവത്തിൽ വിശദീകരണം നൽകാൻ കഴിയാതെ പോയതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. വീഡിയോ പിന്നീട് വൈദികൻ പിൻവലിച്ചു

അതേസമയം, കേസിലെ പ്രതികളായ എബ്രഹാം വർഗ്ഗീസ്, ജെയ്സ് ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് സുപ്രീം കോടതി മാറ്റി. വിധി വരുന്നതുവരെ ഇരുവരെയും അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു.

എബ്രഹാം വർഗ്ഗീസ്, ജെയ്സ് ജോർജ് എന്നിവരാണ് ഇനി പിടിയിലാകാനുളളത്. കേസിലെ പ്രതികളായ ഫാ.ജോബ് മാത്യു, ഫാ.ജോൺസൺ വി.മാത്യു എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഒന്നാം പ്രതി ഫാ.എബ്രഹാം വർഗ്ഗീസ് നാലാം പ്രതി ഫാ.ജെയ്സ് കെ. ജോർജ് എന്നിവർ വിദേശത്തേക്ക് കടക്കാനുളള സാഹചര്യം കണക്കിലെടുത്ത് ഇവരുടെ പാസ്പോർട്ടും രേഖകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിട്ടുണ്ട്. അവരുടെ വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തി. വൈദികർ കീഴടങ്ങണമെന്നും ഇല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ സംഘം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

കുമ്പസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികർ പല തവണ പീഡിപ്പിച്ചെന്നു മേയ് ആദ്യ വാരമാണു പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണമുന്നയിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ