കൊച്ചി: പിറവം വലിയ പള്ളിയിൽ ഞായറാഴ്‌ചകളിൽ കുർബാന അർപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി. ഞായറാഴ്‌ച ഒഴികെയുള്ള മറ്റു ദിവസങ്ങളിലെ ആരാധനാ സൗകര്യത്തിൽ പിന്നീട് തീരുമാനമെടുക്കാമെന്നു കോടതി വ്യക്തമാക്കി. ഞായറാഴ്ചകളിൽ എല്ലാ ഇടവകാംഗങ്ങൾക്കും പ്രവേശനം നൽകാൻ കോടതി ഉത്തരവിട്ടു.
ക്രമസമാധാന പ്രശ്നം ഉണ്ടാക്കരുതെന്നു യാക്കോബായ പക്ഷത്തിനു കോടതി കർശന നിർദേശം നൽകി. ക്രമസമാധാന വിഷയത്തിൽ നിലവിലെ ഉത്തരവ് കർശനമായി പാലിക്കണമെന്നും കോടതി നിർദേശിച്ചു. സംസ്‌കാരച്ചടങ്ങുകളും നിയമാനുസൃതം തുടരണമെന്നു ഹെെക്കോടതി ഉത്തരവിട്ടു.
പള്ളിക്കു കീഴിലുള്ള ചാപ്പലുകളുടെ കാര്യത്തിൽ റിപ്പോർട്ട് നൽകാൻ കോടതി കലക്‌ടർക്കു നിർദേശം നൽകി. ചാപ്പലുകളുടെ താക്കോൽ ആരുടെ കൈവശത്തിലാണെന്നും കലക്‌ടർ കോടതിയെ അറിയിക്കണം. കേസ് ഒന്‍പതിനു വീണ്ടും പരിഗണിക്കും.
സുപ്രീം കോടതി ഉത്തരവ് പള്ളിക്കും പള്ളിയുടെ കീഴിലുള്ള സ്വത്തിനും ബാധകമാണെന്നു കോടതി വ്യക്തമാക്കി. സുപ്രീം കോടതി വിധിക്കു വിരുദ്ധമായി ഒരവകാശവും യാക്കോബായ പക്ഷത്തിന് അവകാശപ്പെടാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
1934 ലെ ഭരണഘടന തങ്ങളും അംഗീകരിക്കുന്നുണ്ടെന്നും പള്ളിയിൽ കയറ്റുന്നില്ലെന്നും യാക്കോബായ പക്ഷം പരാതിപ്പെട്ടു. ഒരു വിശ്വാസിയെയും തടയില്ലെന്നും യാക്കോബായ പക്ഷം റോഡിൽ സമാന്തര പ്രാർത്ഥന നടത്തുകയായിരുന്നുവെന്നും ഓർത്തഡോക്‌സ് പക്ഷം വ്യക്തമാക്കി. പള്ളിക്കും ചാപ്പലിനും മുഴവൻ സമയം സംരക്ഷണം നൽകാനാവില്ലെന്നു സർക്കാർ വ്യക്തമാക്കി. റിസർവ് പൊലീസിന്റെ സേവനം എന്തുകൊണ്ട് തേടിക്കൂടായെന്നു കോടതി ആരാഞ്ഞു.
കഴിഞ്ഞ ഞായറാഴ്‍ച ഓർത്തഡോക്‌സ് പക്ഷം പിറവം പള്ളിയിൽ കുർബാന അർപ്പിച്ചത് വലിയ പൊലീസ് സുരക്ഷയിലായിരുന്നു. പിറവത്ത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായി. ഓർത്തഡോക്‌സ് പക്ഷം പള്ളിക്കകത്ത് കുർബാന അർപ്പിക്കുന്ന സമയത്ത് പള്ളിക്കു പുറത്ത് യാക്കോബായ വിഭാഗം പ്രതിഷേധ സൂചകമായി കുർബാന ചൊല്ലി. കുർബാനയ്‌ക്കു ശേഷം യാക്കോബായ വിഭാഗം പ്രതിഷേധ റാലി നടത്തുകയും ചെയ്‌തു.